എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്‌കെ പ്രസാദിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സന്ദീപ് പാട്ടീലിന്റെ പിന്‍ഗാമിയായാണ് എംഎസ്‌കെ പ്രസാദ് സ്ഥാനമേറ്റത്.

ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ഗഗന്‍ ഘോദ, ജതിന്‍ പരഞ്ജ്‌പെ എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ഇന്ത്യയുടെ മുന്‍ താരവും അര്‍ധ മലയാളിയുമായ അബി കുരുവിള, സുബ്രതോ ബാനര്‍ജി, രാജേഷ് ചൗഹാന്‍ എന്നിവരും കമ്മിറ്റിയെ സഹായിക്കും.
ലോധ കമ്മിറ്റി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ നടന്ന ബിസിസിഐയുടെ നിര്‍ണായക വാര്‍ഷിക യോഗത്തിലാണ് അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയെ തീരുമാനിച്ചത്. 90 പേരെ ഇന്റര്‍വ്യൂ ചെയ്തതിന് ശേഷമായിരുന്നു നിയമനം.
ആന്ധ്രപ്രദേശ് സ്വദേശിയായ എംഎസ്‌കെ പ്രസാദ് ദക്ഷിണ മേഖലയുടെ പ്രതിനിധിയായാണ് സെലക്ഷന്‍ കമ്മിറ്റിയിലെത്തിയത്. പശ്ചിമ മേഖലയുടെ പ്രതിനിധിയായി ജതിന്‍ പരഞ്ജ്‌പെയെ തിരഞ്ഞെടുത്തപ്പോള്‍ വടക്കന്‍ മേഖലയെ പ്രതിനിധീകരിച്ചാണ് ശരണ്‍ദീപ് സിംഗ് ഇടം നേടിയത്.
കിഴക്കന്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് ദേവാംഗ് ഗാന്ധി സ്ഥാനമേറ്റത്. മധ്യമേഖലയുടെ പ്രതിനിധീകരിച്ചാണ് ഗഗന്‍ ഘോദയെ തിരഞ്ഞെടുത്തത്.
1998ല്‍ ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിലൂടെയായിരുന്നു എംഎസ്‌കെ പ്രസാദ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 1999ല്‍ ന്യൂസിലാന്‍ഡിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം.
ഇന്ത്യയ്ക്ക് വേണ്ടി ആറ് ടെസ്റ്റിനും 96 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കുമായി കളത്തിലിറങ്ങിയ എംഎസ്‌കെ പ്രസാദ് 27.73 ശരാശരിയില്‍ 4021 റണ്‍സ് നേടിയിട്ടുണ്ട്. 2007-08 കാലയളവില്‍ ആന്ധ്രപ്രദേശ് ടീമിന്റെ ക്യാപ്റ്റനായ അദ്ദേഹം 2008ലാണ് വിരമിച്ചത്.
അതേസമയം ബിസിസിഐ സെക്രട്ടറിയായി അജയ് ഷിര്‍ക്കെ തുടരും. ജൂനിയര്‍ ടീം സെലക്ഷന്‍ ചെയര്‍മാനായി ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിനെയും നിയമിച്ചു.
എതിരില്ലാതെയാണ് ഷിര്‍ക്കെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2012-13 കാലയളവില്‍ ബിസിസിഐയുടെ ട്രഷററുമായിരുന്നു അജയ് ഷിര്‍ക്കെ.
മുന്‍ സെക്രട്ടറിയായിരുന്ന അനുരാഗ് താക്കൂര്‍ ബിസിസിഐ പ്രസിഡന്റായി നിയമിതനായപ്പോള്‍ താത്കാലിക സെക്രട്ടറിയായി അജയ് ഷിര്‍ക്കെ സ്ഥാനമേറ്റിരുന്നു. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനിലൂടെയാണ് ഷിര്‍ക്കെ ക്രിക്കറ്റിന്റെ ഭരണ സമിതിയിലേക്കെത്തിയത്.
ബിസിസിഐ മുന്‍ പ്രസിഡന്റായിരുന്ന ശരദ് പവാറുമായി വളരെ അടുപ്പം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അജയ് ഷിര്‍ക്കെ. തീരുമാനം അംഗീകരിക്കപ്പെടുന്നതിനായി പുതിയ അംഗങ്ങളുടെ വിവരങ്ങള്‍ ബിസിസിഐ ലോധ കമ്മിറ്റിക്ക് സമര്‍പ്പിച്ചു.

Comments

comments

Categories: Sports