ആലിബാബ ഉടമ ജാക്ക്മായുടെ സാമ്പത്തിക സേവനങ്ങളുടെമൂല്യം 75 ബില്യണ്‍ ഡോളര്‍; ഗോള്‍ഡ്മാന്‍ സാക്ക്‌സിനെ മറികടന്നു

ആലിബാബ ഉടമ ജാക്ക്മായുടെ സാമ്പത്തിക സേവനങ്ങളുടെമൂല്യം 75 ബില്യണ്‍ ഡോളര്‍; ഗോള്‍ഡ്മാന്‍ സാക്ക്‌സിനെ മറികടന്നു

ബെയ്ജിംഗ്: ചൈനീസ് ഇ-കൊമേഴ്‌സ് സ്ഥാപനം ആലിബാബ കമ്പനി ഉടമ ജാക്ക്മായുടെ സാമ്പത്തികസേവനങ്ങളുടെ മൂല്യം ഗോള്‍ഡ്മാന്‍ സാക്ക്‌സ് ഗ്രൂപ്പ് ഇന്‍കിനേക്കാള്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഹോങ്കോംഗ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ സിഎല്‍എസ്എ യുടെ ടെലികോം, ഇന്റര്‍നെറ്റ് ഗവേഷണവിഭാഗം തലവന്‍ എലിനോര്‍ ല്യൂങാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആലിബാബയുടെ അനുബന്ധ സ്ഥാപനമാണ് ചൈനയിലെ ഏറ്റവും ജനകീയമായ ഓണ്‍ലൈന്‍ പേമെന്റ് സേവനം ലഭ്യമാക്കുന്ന ആലിപേ. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി 2004ലാണ് ആലിപേ പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇപ്പോള്‍ 75 ബില്യണ്‍ ഡോളറാണ് ആലിപേയുടെ മാതൃസ്ഥാപനത്തിന്റെ മൂല്യമായി കണക്കാക്കുന്നത്. ആലിപേയുടെ മാതൃസ്ഥാപനമായ ആന്റ് ഫിനാന്‍ഷ്യല്‍ ജൂണ്‍മാസത്തില്‍ 4.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിലൂടെ 60 ബില്യണ്‍ ഡോളറിന്റെ മൂല്യത്തിലേക്ക് എത്തിയിരുന്നു. എലിനോര്‍ ല്യൂങിന്റെ പഠനമനുസരിച്ച് ആന്റ് ഫിനാന്‍ഷ്യലിന്റെ മൂല്യത്തിന്റെ ഏറിയ പങ്കും ആലിപേയില്‍ നിന്നാണ് ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ള വിവരങ്ങളനുസരിച്ച് 50 ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ആലിപേക്കുള്ളത്.

ഇതിനു പുറമെ ആന്റ് ഫിനാന്‍ഷ്യലിന്റെ മൈക്രോ ലോണ്‍സ് സര്‍വീസിന് ഏകദേശം എട്ടു ബില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കുന്നുണ്ട്. ആന്റിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗത്തിന് ഏഴു ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ളതായാണ് വിലയിരുത്തല്‍. നിക്ഷേപങ്ങളിലൂടെ ലഭിച്ചതും കൈവശമുള്ളതുമായ തുകയില്‍ നിന്നാണ് ആന്റ് ഫിനാന്‍ഷ്യലിന്റെ ബാക്കി മൂല്യം കണക്കാക്കിയിട്ടുള്ളത്. തിങ്കളാഴ്ച വരെയുള്ള കണക്കുകളനുസരിച്ച് 70 ബില്യണ്‍ ഡോളറാണ് ഗോള്‍ഡ്മാന്‍ സാക്ക്‌സിന്റെ വിപണിമൂല്യം.

ആലിപേക്ക് ഓണ്‍ലൈന്‍ പേമെന്റ് മേഖലയില്‍ ശക്തമായ നേതൃ സ്ഥാനം ഉണ്ടെന്ന് ല്യൂങ് അഭിപ്രായപ്പെട്ടു. ആന്റ് ഫിനാന്‍ഷ്യല്‍സിന്റെ ഇതര ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായുള്ള വലിയ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ആലിപേയുടെ പ്രസക്തി. രണ്ടു വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളര്‍ വരെ വളര്‍ച്ച പ്രാപിക്കുന്നതിനുള്ള ശേഷി ആലിപേക്കുണ്ടെന്നും എലിനോര്‍ ല്യൂങ് സൂചിപ്പിച്ചു.
അടുത്തവര്‍ഷം ആദ്യ പകുതിയോടു കൂടി ഹോങ്കോംഗില്‍ പ്രാഥമിക ഓഹരിവിതരണ(ഐപിഒ)ത്തിനായി ആന്റ് ഫിനാന്‍ഷ്യല്‍ തയാറെടുക്കുകയാണെന്നാണ് സൂചന. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഹോങ്കോംഗിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ആന്റ് ഫിനാന്‍ഷ്യലിന്റേതെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്.

Comments

comments

Categories: Slider, Top Stories