സ്മാര്‍ട്ടാണ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന

സ്മാര്‍ട്ടാണ് ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന

ബെംഗളൂരു: രണ്ടു പാദങ്ങളിലെ തുടര്‍ച്ചയായ ഇടിവിനുശേഷം ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഉല്‍പ്പന്നങ്ങളില്‍ രണ്ടാമതായിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഡിസ്‌കൗണ്ടുകളും പരസ്യവും നല്‍കുന്നത് കുറച്ചതിനുശേഷം ഉപഭോക്താക്കള്‍ ഓഫ്‌ലൈന്‍ സ്റ്റോറുകളിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മാസത്തോടെ ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വര്‍ധിച്ചിരിക്കുകയാണ്. ഗവേഷണസ്ഥാപനമായ റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ കണക്കനുസരിച്ച് 2015 ഡിസംബറില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ ആകെ വില്‍പ്പനയുടെ 55 ശതമാനമാണ് മൊബീല്‍ഫോണുകളും ടാബ്‌ലറ്റുകളും കൈയടക്കിയത്. മാര്‍ച്ചില്‍ ഇത് 48 ശതമാനമായി കുറഞ്ഞെങ്കിലും ജൂണില്‍ 50 ശതമാനത്തിലെത്തി.

ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തിയ ഷവോമി, ലെനോവ മോഡലുകള്‍ മന്ദഗതിയിലായിരുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ വരുമാനവളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി. അതുപോലെ മോട്ടോ ജി4 പ്ലസിനും വണ്‍പ്ലസ് 3-ക്കും ആമസോണില്‍ ആവശ്യക്കാരേറെയായിരുന്നു. 2014 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുന്ന മോട്ടോറോളയും ഷവോമിയും ഇപ്പോള്‍ ആമസോണും സ്‌നാപ്ഡീലുമായും സഹകരിക്കുന്നുണ്ട്. ഉല്‍സവകാലത്തിനോടനുബന്ധിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിക്കുന്നതിന് ഓണ്‍ലൈന്‍ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ മത്സരിക്കുന്ന കാഴ്ച്ചയായിരുന്നു കാണാന്‍ സാധിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന അഞ്ചു മടങ്ങ് വര്‍ധിച്ചതായി ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനേജ്‌മെന്റ് ഡയറക്ടര്‍ നൂര്‍ പട്ടേല്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: Business & Economy