ചേരിചേരാ ഉച്ചകോടി: എണ്ണ വിലയിടിവ് തടയുന്നതിന് നടപടി വേണമെന്ന് വെനസ്വേല

ചേരിചേരാ ഉച്ചകോടി:  എണ്ണ വിലയിടിവ് തടയുന്നതിന് നടപടി വേണമെന്ന് വെനസ്വേല

കാരക്കാസ്: എണ്ണ വിലയിടിവ് തടയുന്നതിന് ആഗോളതലത്തില്‍ നടപടി വേണമെന്ന് ചേരിചേരാ ഉച്ചകോടിയില്‍ ആതിഥേയ രാജ്യമായ വെനസ്വേല ആവശ്യപ്പെട്ടും. വെനസ്വലയുടെ പെട്രോളിയം മന്ത്രി യുലോജിയോ ഡെല്‍ പിനോയാണ് ഇക്കാര്യമുന്നയിച്ചത്. വെനസ്വേലയിലെ മാര്‍ഗരിറ്റ ദ്വീപിലാണ് ചേരിചേരാ പ്രസ്ഥാനത്തിന്റെ പതിനേഴാം ഉച്ചകോടി നടക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് വെനസ്വേല ഉച്ചകോടിക്ക് വേദിയൊരുക്കുന്നത്.
120 വികസ്വര രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ എണ്ണ വില സംബന്ധിച്ച് അഭിപ്രായ സമന്വയത്തിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് യുലോജിയോ ഡെല്‍ പിനോ അറിയിച്ചു. സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ അള്‍ജീരിയയില്‍ ഇന്റര്‍നാഷണല്‍ എനര്‍ജി ഫോറത്തിന്റെയും പതിമൂന്നംഗ പെട്രോളിയം എക്‌സ്‌പോര്‍ട്ടിംഗ് കണ്‍ട്രീസ് ഓര്‍ഗനൈസേഷന്റെയും യോഗങ്ങള്‍ ചേരുന്നുണ്ട്. ഹൈഡ്രോകാര്‍ബണിന് ന്യായവില ലഭിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുമെന്നും ഈ യോഗങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയില്‍നിന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ചേരിചേരാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. എണ്ണയുടെ വിലയിടിവ് തുടരുന്നതിനെതിരെ ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയും പ്രതികരിച്ചു. ഇക്കാര്യത്തില്‍ മാര്‍ഗരിറ്റയില്‍ വെച്ച് ഒപെക് രാജ്യങ്ങളുമായും ഒപെക് ഇതര രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഒപെക് അംഗമായ വെനസ്വേല ലോകത്ത് ഏറ്റവുമധികം എണ്ണശേഖരമുള്ള രാജ്യമാണ്. എണ്ണ വിലയിടിവ് ഏറ്റവുമധികം ആഘാതം വരുത്തിവെച്ച രാജ്യങ്ങളിലൊന്നുമാണ് ഇപ്പോള്‍ വെനസ്വേല. വെനസ്വേലയുടെ കയറ്റുമതി വരുമാനത്തിന്റെ 96 ശതമാനവും എണ്ണയില്‍നിന്നാണ്.

വിലയിടിവിനിടയിലും ഉല്‍പ്പാദനം വെട്ടിച്ചുരുക്കില്ലെന്ന് പ്രമുഖ എണ്ണയുല്‍പ്പാദക രാഷ്ട്രമായ സൗദി അറേബ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ചേരിചേരാ ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റൊരു ഒപ്പെക് രാജ്യമായ ഇറാന്‍, ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ജൂണില്‍ വിയന്നയില്‍ ചേര്‍ന്ന ഒപെക് സമ്മേളനത്തില്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നതിനെതിരെയാണ് രാജ്യങ്ങള്‍ തീരുമാനത്തിലെത്തിയത്.

Comments

comments

Categories: World