ജിയോയുടെ മല്‍സരം നേരിടാന്‍ എയര്‍ടെല്‍ തയാര്‍: സുനില്‍ മിത്തല്‍

ജിയോയുടെ മല്‍സരം നേരിടാന്‍ എയര്‍ടെല്‍ തയാര്‍: സുനില്‍ മിത്തല്‍

ന്യൂഡെല്‍ഹി: റിലയന്‍സ് ജിയോയുടെ വിപണിയിലേക്കുള്ള പ്രവേശനം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ തയാറാണെന്ന് ഇന്ത്യയിലെ ടെലികോം വിപണിയുടെ നേതൃത്വം കൈയാളുന്ന എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ഇന്റര്‍കണക്ഷന്‍ പോയിന്റുകളുമായി ബന്ധപ്പെട്ട് ജിയോയുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വരുന്ന ആഴ്ചകളില്‍ തന്നെ പരിഹരിക്കപ്പെടുമെന്നും മിത്തല്‍ ഇക്ക്‌ണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

‘എയര്‍ടെല്ലിന്റെ ഇപ്പോഴത്തെ സ്ഥാനം കടുത്ത വിപണി മല്‍സരങ്ങളുടെ ഉല്‍പ്പന്നമാണ്. ആരംഭകാലം മുതല്‍ക്കു തന്നെ പ്രബലമായ പല ടെലികോം കമ്പനികളുമായും എയര്‍ടെല്ലിന് പൊരുതേണ്ടി വന്നിട്ടുണ്ട്. നിലവില്‍ ഐഡിയ, വോഡഫോണ്‍ കമ്പനികളുമായി ദൈനംദിന അടിസ്ഥാനത്തിലാണ് മല്‍സരം എന്നു പറയാം. ഏറ്റവും മികച്ചതും തിളക്കമേറിയതുമായ സേവനം മാത്രമേ ഈ മല്‍സരത്തില്‍ നിലനില്‍ക്കൂ. അതിനാല്‍ ഏറ്റവും ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ കടുത്ത മല്‍സരത്തിലും ഇന്ത്യയുടെ ടെലികോം വിപണിയുടെ അമരത്ത് എയര്‍ടെല്‍ ഉണ്ടെന്ന് ഓര്‍മിപ്പിച്ച് കൊണ്ട് സുനില്‍ മിത്തല്‍ പറഞ്ഞു.
ജിയോയില്‍ നിന്നും ജിയോയിലേക്കുള്ള കോളുകള്‍ തടസപ്പെടുന്നതു സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. മതിയായ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ സ്ഥാപിക്കാന്‍ എയര്‍ടെല്‍ തയാറായിട്ടില്ലെന്ന ജിയോയുടെ ആരോപണത്തെ തുടര്‍ന്ന രൂക്ഷമായ വിവാദം കൂടുതല്‍ വഷളാകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ടായിരുന്നു മിത്തലിന്റെ പ്രതികരണം. ഇത് എല്ലാ കമ്പനികളുമായും ബന്ധപ്പെട്ട വിഷയമാണെന്നും സ്ഥിതിഗതികള്‍ ദിവസങ്ങള്‍ പിന്നിടുന്തോറും മെച്ചപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍ കണക്ഷന്‍ പോയന്റുകളുമായി ബന്ധപ്പെട്ട മുമ്പൊരിക്കലും ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ഒരു ടെലികോം കമ്പനിയും എയര്‍ടെലിനെ കുറിച്ച് പരാതി പറഞ്ഞിട്ടില്ല. ജിയോ ക്ക് ആവശ്യമായ അളവില്‍ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. ജിയോയിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകളില്‍ തടസം സൃഷ്ടിക്കാന്‍ ശ്രമിക്കില്ലെന്നും മിത്തല്‍ കൂട്ടിച്ചേര്‍ത്തു.
ജിയോ വാഗ്ദാനം ചെയ്യുന്ന ഫ്രീ കോള്‍, ഡാറ്റാ താരിഫ് അല്‍ഭുതപ്പെടുത്തുന്നില്ലെന്നും മിത്തല്‍ പറയുന്നു. ടെലികോം മേഖലയില്‍ വോയ്‌സ് കോളുകളില്‍ നിന്ന് വരുമാനം കണ്ടെത്തുന്നത് വരുംനാളുകളില്‍ കുറയുകയും ഡാറ്റയില്‍ നിന്നുള്ള വരുമാനം കൂടുകയും ചെയ്യും. ഓരോ ഉപയോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനം കുറയാത്ത തരത്തിലായിരിക്കും കമ്പനികള്‍ താരിഫുകള്‍ ക്രമീകരിക്കുക. ജിയോ യുടേതും അത്തരത്തിലുള്ളതാണെന്ന് മിത്തല്‍ നിരീക്ഷിക്കുന്നു.

Comments

comments

Categories: Slider, Top Stories