ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കണമെന്ന് ഭക്ഷ്യ മന്ത്രാലയം

ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കണമെന്ന് ഭക്ഷ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേന്ദ്ര ഭക്ഷ്യ മന്ത്രാലയം ഗോതമ്പ് ഇറക്കുമതിയുടെ നികുതി കുറയ്ക്കുന്നതിന് നീക്കം നടത്തുന്നു. 25 ശതമാനത്തില്‍ നിന്ന് ഇറക്കുമതി നികുതി 15 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. ഇതുമൂലം ഭക്ഷ്യധാന്യങ്ങളുടെ ആഭ്യന്തര ലഭ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടു്ന്നത്.

ഗോതമ്പിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്നതിനുള്ള നടപടി ഒരു മുന്‍കരുതല്‍ എന്ന വിധത്തിലാവും നടപ്പാക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ഭക്ഷ്യ മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശം ഇപ്പോള്‍ സര്‍ക്കാര്‍ പരിഗണനയിലാണുള്ളത്. സ്വകാര്യ മില്ലുടമകളും ഇറക്കുമതി നികുതി കുറക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി 10 ശതമാനമായി കുറയ്ക്കണമെന്നാണ് മില്ല് വ്യവസായികളില്‍ നിന്നുയര്‍ന്നിട്ടുള്ള ആവശ്യം.
ധാന്യവ്യാപാരികള്‍ കൂടുതല്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം സ്വകാര്യ മില്ലുടമകള്‍ ഓസ്‌ട്രേലിയയില്‍ നിന്ന് 5 ലക്ഷം ടണ്‍ ഗോതമ്പാണ് വാങ്ങിയിരുന്നത്. പൊതു ഉടമസ്ഥതയിലുള്ള ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഇപ്പോള്‍ 24.2 മില്ല്യണ്‍ ടണ്‍ ഗോതമ്പ് ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം 31 മില്ല്യണ്‍ ടണ്‍ ഗോതമ്പിന്റെ ശേഖരമുണ്ടായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ട വരള്‍ച്ച ഗോതമ്പ് ഉല്‍പ്പാദനത്തെയും ബാധിച്ചതാണ് ഗോതമ്പ് ശേഖരം കുറയാന്‍ ഇടയാക്കിയത്. ഈ വര്‍ഷം ധാന്യങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം വളരെയേറെ ക്ലേശകരമായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ ഈ വര്‍ഷം നല്ലൊരു മണ്‍സൂണ്‍ ലഭിച്ചത് കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ഈ വര്‍ഷം മികച്ച വിളവ് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Business & Economy