യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചരണത്തില്‍ നിര്‍ണായകമാകുന്ന ബിഗ് ഡേറ്റകള്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചരണത്തില്‍ നിര്‍ണായകമാകുന്ന ബിഗ് ഡേറ്റകള്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏഴ് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ വാശിയേറിയ പ്രചരണവുമായി മുന്നേറുകയും ചെയ്യുന്നുണ്ട്. സാമ്പ്രദായിക രീതിയിലുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇപ്രാവിശ്യം ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയുടെ പ്രചരണം സാങ്കേതികതയ്ക്ക് മുന്‍തൂക്കം കൊടുത്തിരിക്കുന്നു എന്നതാണ് ഒരു പ്രത്യേകത.

2012ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ പ്രചരണത്തില്‍ ഒബാമ ഉപയോഗിച്ച രീതി തന്നെയാണു ഹിലരിയും ഇപ്രാവിശ്യം പിന്തുടര്‍ന്നിരിക്കുന്നത്. 2012ല്‍ ഒബാമ പ്രയോഗിച്ചതിനെക്കാള്‍ മൂന്നിരട്ടി വ്യാപ്തിയുള്ള സാങ്കേതിക വിഭാഗത്തെയാണു ഹിലരി അണിനിരത്തിയിരിക്കുന്നത്. 2012ല്‍ ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ നിര്‍ണായകമായത് പ്രവചന സ്വഭാവമുള്ള അപഗ്രഥനം(predictive analytics) ആയിരുന്നു. ഈ രീതി തന്നെയാണു ഹിലരിയും പിന്തുടരുന്നത്. അതേസമയം ഹിലരിയുടെ എതിര്‍ സ്ഥാനാര്‍ഥിയായ ട്രംപാകട്ടെ പ്രചരണത്തില്‍ സാങ്കേതികതയും അപഗ്രഥനവും ഉപയോഗിക്കാന്‍ ഏറെ പിന്നോക്കവുമാണ്. ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിങ് സൈറ്റിലൂടെ ട്വീറ്റ് ചെയ്യുന്നത് മാത്രമാണ് അദ്ദേഹം ആകെ ഉപയോഗിക്കുന്ന ഹൈടെക്ക് പ്രചരണ രീതി.
predictive modelling, machine learning, data mining തുടങ്ങിയ സ്ഥിതിവിവരണ കണക്കുകള്‍ ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പിന്റെയോ പരിപാടിയുടെയോ ഭാവി പ്രവചിക്കുന്ന രീതിയാണ് predictive analytics. ഈ രീതിയുടെ ഭാഗമായി വോട്ടര്‍മാരുടെ ഡേറ്റകള്‍ ശേഖരിച്ചതിനു ശേഷം അവരെ ഫോണിലൂടെയും നേരില്‍ കണ്ടും ടിവി പരസ്യങ്ങളിലൂടെയും ബന്ധപ്പെടും. പ്രചരണം കൊട്ടിക്കലാശത്തിലെത്തുമ്പോഴേക്കും ഭൂരിഭാഗം വോട്ടര്‍മാരുമായും സ്ഥാനാര്‍ഥി സംവദിച്ചിട്ടുണ്ടാകും. ഇത് സ്ഥാനാര്‍ഥിയെക്കുറിച്ച് വോട്ടര്‍മാരില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാനും കാരണമാകും. ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ നഗരത്തിലാണു ഹിലരി ക്ലിന്റന്റെ പ്രചരണ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെയിരുന്നാണ് ഹിലരിയുടെ പ്രചരണത്തെ എലാന്‍ ക്രിഗല്‍ നയിക്കുന്നത്. ഹിലരിയുടെ പ്രചരണ വിഭാഗത്തില്‍ ഡയറക്ടര്‍ ഓഫ് അനലിറ്റിക്‌സായി സേവനമനുഷ്ഠിക്കുകയാണ് എലാന്‍ ക്രിഗല്‍.
പ്രചരണം അതിന്റെ അവസാന പാദത്തിലേക്ക് പ്രവേശിക്കുമ്പോള്‍, ഡാറ്റ അനലിറ്റിക്‌സിലൂടെ തന്ത്രപരമായി മുന്നേറാന്‍ ഹിലരിക്ക് സാധിച്ചിരിക്കുന്നതായിട്ടാണു ഏറ്റവും പുതിയ വിവരം. ഓരോ ദിവസത്തെയും ഹിലരിയുടെ പ്രചരണ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്യുന്നതു മുതല്‍ വോട്ടര്‍മാരെ കാണുന്നതും, സംഘാടകര്‍ സമയം ചെലവഴിക്കേണ്ടതു വരെ തീരുമാനിക്കുന്നത് ഡയറക്ടര്‍ ഓഫ് അനലിറ്റിക്‌സ് ക്രിഗലാണ്. മറുവശത്ത് ട്രംപാകട്ടെ, ഈ രീതിയോട് മുഖം തിരിച്ചിരിക്കുകയാണ്. അനലിറ്റിക്‌സ് കബളിപ്പിക്കലാണെന്ന് അദ്ദേഹം മെയ് മാസം പ്രചരണത്തിനിടെ ആരോപിച്ചിരുന്നു. എന്നാല്‍ സമീപകാലത്ത് അദ്ദേഹം കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന സ്ഥാപനത്തെ പ്രചരണ ചുമതലയേല്‍പ്പിക്കുകയുണ്ടായി. പക്ഷേ, പ്രചരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയില്‍നിന്നും ജീവനക്കാര്‍ പിരിഞ്ഞു പോയത് ട്രംപിന്റെ പ്രചരണത്തെ മോശമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ഡേറ്റകള്‍ എന്നു പൊതുവേ വിളിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വിജയം നിര്‍ണയിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. അനുയായികളെ പ്രചോദിപ്പിക്കാനും തങ്ങള്‍ അധികാരത്തിലേറിയതാല്‍ നടപ്പിലാക്കാന്‍ പോകുന്ന നയങ്ങളെക്കുറിച്ചു വോട്ടര്‍മാരെ ബോദ്ധ്യപ്പെടുത്താനും സ്ഥാനാര്‍ഥികള്‍ക്ക് ഇന്നു ഡേറ്റകള്‍ ആവശ്യമായി വന്നിരിക്കുന്നു.
2008ല്‍ ഒബാമ ആദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോള്‍ 69,456,897 അമേരിക്കന്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്രയും വോട്ടര്‍മാരുടെ പേരുകളും സ്വഭാവസവിശേഷതകളും മനസിലാക്കിയായിരുന്നു അദ്ദേഹം പ്രചരണം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2012ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഒബാമ ഡേറ്റകളെ തന്നെ ആശ്രയിച്ചായിരുന്നു പ്രചരണം നയിച്ചത്. ഈ വസ്തുത മനസിലാക്കിയാവണം, ഹിലരിയും ഡേറ്റ അധിഷ്ഠിതമായ പ്രചരണത്തിലേക്ക് പ്രവേശിച്ചത്. ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച ഡേറ്റകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയവരായിരിക്കും വിജയിക്കുകയെന്ന കാര്യം ഏറെക്കുറെ ഉറപ്പ്.

Comments

comments

Categories: World