ഉറി ഭീകരാക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി വിദേശരാജ്യങ്ങള്‍

ഉറി ഭീകരാക്രമണം:  ഇന്ത്യയ്ക്ക് പിന്തുണയുമായി വിദേശരാജ്യങ്ങള്‍

 

ന്യൂഡല്‍ഹി: 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഉറി ആക്രമണത്തിനു കാരണക്കാരായ പാകിസ്ഥാന് ഉചിത മറുപടി കൊടുക്കണമെന്ന ആവശ്യമുയരുന്നു. ഇന്നലെ ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക മേധാവികളും പങ്കെടുത്ത ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ പാകിസ്ഥാന് തക്ക മറുപടി നല്‍കണമെന്ന അഭിപ്രായമാണ് പൊതുവേ ഉയര്‍ന്നത്.
അതേസമയം വികാരത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കരുതെന്ന് വിദേശകാര്യസഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി കെ സിംഗ് പറഞ്ഞു.
ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഈ വര്‍ഷമവസാനം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വിട്ടുനില്‍ക്കാന്‍ സാധ്യതയേറിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതേസമയം ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനെതിരേ ഉറി ആക്രമണം ഉന്നയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ദോവല്‍, ആഭ്യന്തര, പ്രതിരോധ, സൈനിക, രഹസ്യാന്വേഷ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിരിക്കുന്ന പുതിയ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെക്കുറിച്ചാണു ചര്‍ച്ച ചെയ്തത്.
ഉറി ആക്രമണ സംഭവത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഇന്നലെ കൂടുതല്‍ വിദേശരാജ്യങ്ങള്‍ രംഗത്തുവന്നു. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഫ്രാന്‍സ് വിദേശകാര്യ മന്ത്രാലയം ഇന്നലെ പറഞ്ഞു. തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കാന്‍ ബാദ്ധ്യസ്ഥരാണെന്നു യുകെ പറഞ്ഞു. യുകെ വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്നലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു പിന്തുണ അറിയിച്ചത്.

Comments

comments

Categories: Politics

Related Articles