പെയ്‌സിന് കടുത്ത മറുപടി നല്‍കി സാനിയയും ബൊപ്പണ്ണയും

പെയ്‌സിന് കടുത്ത മറുപടി നല്‍കി സാനിയയും ബൊപ്പണ്ണയും

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായും ഇന്ത്യ മികച്ച ടെന്നീസ് ടീമിനെയല്ല അയച്ചതെന്ന ലിയാന്‍ഡര്‍ പെയ്‌സിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും രംഗത്ത്. ലിയാന്‍ഡര്‍ പെയ്‌സിന്റെ പേര് പറയാതെയായിരുന്നു സാനിയയുടെയും ബൊപ്പണ്ണയുടെയും മറുപടി.

സ്വന്തം താത്പര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ക്കൊപ്പം കളിക്കാതിരിക്കുകയെന്നതാണ് വിജയിക്കാനുള്ള ഏക മാര്‍ഗമെന്നാണ് സാനിയ ട്വീറ്റ് ചെയ്തത്. കര്‍മ ഈസ് വാച്ചിംഗ്, സെന്‍ മോഡ് എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു സാനിയ പ്രതികരിച്ചത്.

ആദ്യം സാനിയയുടെ ട്വീറ്റിന് മറുപടി നല്‍കിയതിന് ശേഷമാണ് ബൊപ്പണ്ണ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ പെയ്‌സിനെ വിമര്‍ശിച്ച് പോസ്റ്റിട്ടത്. സഹകളിക്കാരെ അധിക്ഷേപിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനുള്ള പതിവ് തന്ത്രവുമായി എത്തിയിരിക്കുന്നുവെന്ന് ട്വീറ്റ് ചെയ്ത ബൊപ്പണ്ണ പെയ്‌സിന്റെ ദേശസ്‌നേഹം കപടമാണെന്ന് പരിഹസിക്കുകയും ചെയ്തു.

ഡേവിസ് കപ്പില്‍ സ്‌പെയിനോട് 5-0ത്തിന് പരാജയപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു പെയ്‌സ് ഇന്ത്യയെ പ്രതിനിധീകരിച്ച റിയോയിലെത്തിയ ടീമിനെ കുറ്റപ്പെടുത്തിയത്. ഒളിംപിക്‌സ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യമായിരുന്നു മത്സരിച്ചത്.

Comments

comments

Categories: Sports