പെണ്‍കുട്ടികള്‍ക്ക് വെളിച്ചം പകര്‍ന്ന് ‘റോഷ്‌നി’

പെണ്‍കുട്ടികള്‍ക്ക് വെളിച്ചം പകര്‍ന്ന് ‘റോഷ്‌നി’

ഓള്‍ഡ് ഡെല്‍ഹിയിലെ ഒരു പാവപ്പെട്ട ചായക്കടക്കാരന്റെ മകളായിരുന്നു ഷഹീന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സംശയമായിരുന്നു ഉന്നതവിദ്യാഭ്യാസത്തിനു പോകാന്‍ സാധിക്കുമോയെന്ന്. എന്നാല്‍ 2008ല്‍ രോഷ്‌നിയില്‍ ചേര്‍ന്നത് അവളുടെ ജീവിതം മാറ്റി മറിച്ചു. ജാമിയ സര്‍വകലാശാലയില്‍ നിന്ന് ഇടിഇ (ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍) നേടിയ അവള്‍ ഇന്ന് ഡെല്‍ഹിയിലെ എംസിഡി സ്‌കൂളില്‍ ടീച്ചറാണ് . പുതിയ ഉയരങ്ങളിലെത്താന്‍ അവളെ സഹായിച്ചത് റോഷ്‌നിയെന്ന സ്ഥാപനവും പെണ്‍കുട്ടികളില്‍ നൈപുണ്യവികസനവും അറിവും സാമൂഹ്യ അവബോധവും പകര്‍ന്ന് നല്‍കുന്ന അവിടുത്തെ അന്തരീക്ഷവുമായിരുന്നു. അവള്‍ക്ക് സ്വയംപര്യാപത് നല്‍കിയതോടൊപ്പം തന്റെ കുടുംബത്തിന്റെ പ്രതിമാസ വരുമാനം 1,500 രൂപയില്‍ നിന്ന് 20,000ത്തില്‍ എത്തിക്കാനും സാധിച്ചു. മാത്രമല്ല ശൈശവ വിഹാഹത്തിന്റെ പിടിയില്‍ നിന്നും അവള്‍ രക്ഷ നേടുകയും ചെയ്തു. ന്യൂഡെല്‍ഹിയിലെ ഹേമ ഗുരുങ്ങിനും പറയാനുള്ളത് ഷഹീനിന്റേതിന് സമാനമായ കഥ തന്നെ.

ഷഹീനെപ്പോലെയും ഹേമയെപ്പോലെയും ആയിരക്കണക്കിന് പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍, പ്രധാനമായും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇവര്‍ക്ക് പലപ്പോഴും വിദ്യാഭ്യാസം നേടാന്‍ സാധിക്കാറില്ല. ഇത്തരത്തിലുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനുവേണ്ട ശേഷി പകര്‍ന്നു നല്‍കുകയാണ് റോഷ്‌നി എന്ന സംഘടന ചെയ്യുന്നത്.

കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 20 ശതമാനം പെണ്‍കുട്ടികള്‍ മാത്രമേ ഉന്നതവിദ്യാഭ്യാസത്തിനായി എന്‍ റോള്‍ ചെയ്യുന്നുള്ളൂ. ശരിയായ അവബോധമില്ലായ്മയും ശൈശവ വിവാഹവും സാമ്പത്തിക ബുദ്ധിമുട്ടുകളുമെല്ലാമാണ് ഇതിന് കാരണം. പ്രധാനമായും പ്ലസ് 1, പ്ലസ് 2 പെണ്‍കുട്ടികള്‍ക്കായാണ് കമ്യൂണിക്കേഷന്‍ സ്‌കില്‍, പബ്ലിക് സ്പീക്കിംഗ്, സ്‌പോക്കണ്‍ ഇംഗ്ലീഷ് തുടങ്ങി നിരവധി വിഷയങ്ങളെ അധികരിച്ച് റോഷ്‌നി പരിശീലനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നേടാനും ജോലി നേടാനും പാകത്തില്‍ അവരുടെ കഴിവുകള്‍ വികസിപ്പിക്കുകയാണ് തന്റെ സംരംഭത്തിന്റെ ലക്ഷ്യമെന്ന് റോഷ്‌നി അക്കാഡമി സ്ഥാപകയും ഹാര്‍വാഡ് ബിരുദധാരിയുമായ സൈമ ഹസന്‍ പറയുന്നു. 2008ല്‍ രൂപംകൊണ്ട ഈ സാമൂഹ്യസംരംഭം ഇതിനുള്ളില്‍ 20,000ത്തിലധികം പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. യുഎസില്‍ മികച്ച ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഹസന്‍ പെണ്‍കുട്ടികളെ സഹായിക്കുന്നതിനായി ഇത്തരമൊരു സ്ഥാപനത്തിന് തുടക്കം കുറിക്കാന്‍ തീരുമാനിച്ചത്.  സാമൂഹ്യസംരംഭമായതുകൊണ്ടുതന്നെ ഫണ്ടിംഗാണ് ഹസന്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നം.

Comments

comments

Categories: Women