റയല്‍ മാഡ്രിഡ് ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പം; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

റയല്‍ മാഡ്രിഡ്  ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പം; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

മാഡ്രിഡ്: സ്പാനിഷ് പ്രീമിയര്‍ ലീഗായ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെയാണ് സ്പാനിഷ് വമ്പന്മാര്‍ പരാജയപ്പെടുത്തിയത്. ഇതോടെ സ്പാനിഷ് ക്ലബ് ഫുട്‌ബോളിലെ തുടര്‍ച്ചയായ പതിനാറ് മത്സരങ്ങളില്‍ വിജയം നേടുന്ന ടീമെന്ന ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്താനും റയലിന് സാധിച്ചു.

കൊളംബിയയുടെ ജയിംസ് റോഡ്രിഗസും ഫ്രാന്‍സ് താരം കരിം ബെന്‍സേമയുമാണ് റയല്‍ മാഡ്രിഡിന് വേണ്ടി ഗോളുകള്‍ സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് റോഡ്രിഗസ് വല കുലുക്കിയപ്പോള്‍ 71-ാം മിനുറ്റിലായിരുന്നു ബെന്‍സെമയുടെ ഗോള്‍. ഫ്രാന്‍സിന്റെ മുന്‍ സൂപ്പര്‍ താരമായിരുന്ന സിനദീന്‍ സിദാന്റെ പരിശീലനത്തിന് കീഴില്‍ റയല്‍ മാഡ്രിഡ് മികച്ച മുന്നേറ്റമാണ് പുതിയ സീസണില്‍ നടത്തുന്നത്.
ലാലിഗയിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌പോര്‍ട്ടിംഗ് ഗിജോണിനെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. ആന്റണ്‍ ഗ്രീസ്മാന്റെയും ഫെര്‍ണാണ്ടോ ടോറസിന്റെയും ഇരട്ട ഗോളുകളും കെവിന്‍ ഗമീറോയുടെ ഒരു ഗോളുമാണ് അത്‌ലറ്റിക്കോയ്ക്ക് മികച്ച വിജയം നേടിക്കൊടുത്തത്.
നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 12 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ രണ്ട് സീസണിലും കിരീട ജേതാക്കളായ ബാഴ്‌സലോണ നാല് കളികളില്‍ നിന്നും ഒന്‍പത് പോയിന്റുമായി രണ്ടാം സ്ഥാനത്തും ഇത്രയും പോയിന്റുമായി ലാസ് പാല്‍മാസ് മുന്നാമതുമാണ്. കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് എട്ട് പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.
മറ്റ് മത്സരങ്ങളില്‍ ലാസ് പാല്‍മാസ് മലാഗയെയും അത്‌ലറ്റിക്കോ ബില്‍ബാവോ വലന്‍സിയയെയും വിയ്യാറയല്‍ റയല്‍ സോസിദാദിനെയും പരാജയപ്പെടുത്തി. ഒസാസുന-സെല്‍റ്റാവിഗോ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഐബര്‍-സെവിയ്യ (1-1), റയല്‍ ബെറ്റിസ്-ഗ്രാനഡ (2-2) മത്സരങ്ങളും സമനിലയില്‍ കലാശിച്ചു.
എതിരില്ലാത്ത ഒരു ഗോളിനാണ് ലാസ് പാല്‍മാസ് വിജയിച്ചതെങ്കില്‍ 2-1നാണ് അത്‌ലറ്റിക്കോ ബില്‍ബാവോ വലന്‍സിയയെ തോല്‍പ്പിച്ചത്. വലന്‍സിയക്കെതിരെ അത്‌ലറ്റിക്കോ ബില്‍ബാവോയ്ക്ക് വേണ്ടി രണ്ട് തവണ വല കുലുക്കിയത് സ്പാനിഷ് താരമായ അരിറ്റ്‌സ് അഡുറിസായിരുന്നു. മെഡ്രാനായിരുന്നു വലന്‍സിയയുടെ ആശ്വാസഗോള്‍ നേടിയത്.
റയല്‍ സോസിദാദിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു വിയ്യാറയലിന്റെ ജയം. കരുത്തരായ വിയ്യാറയലിനെതിരെ കടുത്ത ചെറുത്തുനില്‍പ്പ് നടത്തിയതിന് ശേഷമായിരുന്നു റയല്‍ സോസിദാദ് തോല്‍വി വഴങ്ങിയത്. പോയിന്റ് പട്ടികയില്‍ വിയ്യാറയല്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്തും റയല്‍ സോസിദാദ് 13-ാമതുമാണ്. ഒസാസുന, സെല്‍റ്റാവിഗോ ടീമുകള്‍ക്ക് യഥാക്രമം രണ്ട്, ഒന്ന് പോയിന്റ് വീതമാണുള്ളത്.

Comments

comments

Categories: Sports