സംസ്ഥാനത്ത് പുതിയ അവയവമാറ്റ നിയമം വേണം: കിഡ്‌നി മാഫിയ പ്രബലം; അവയവമാറ്റം പ്രോത്സാഹിപ്പിക്കപ്പെടണം

സംസ്ഥാനത്ത് പുതിയ അവയവമാറ്റ നിയമം വേണം:  കിഡ്‌നി മാഫിയ പ്രബലം; അവയവമാറ്റം പ്രോത്സാഹിപ്പിക്കപ്പെടണം

 

തിരുവനന്തപുരം: രാജ്യത്ത് കിഡ്‌നി മാഫിയ പ്രബലമായിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവയവമാറ്റം പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ നിയമം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്(കെഎന്‍ഒഎസ്) നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. അവയവകൈമാറ്റത്തില്‍ പണമിടപാടുകളില്ലെന്നും മെഡിക്കല്‍ എത്തിക്‌സിന് വിധേയമായാണ് നടക്കുന്നതെന്നും ഉറപ്പുവരുത്തണം. കൂടാതെ അവയവകൈമാറ്റത്തിനെടുക്കുന്ന സമയം കുറയ്ക്കാനും നിയമങ്ങള്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രണ്ടു രീതിയിലാണ് കിഡ്‌നി സ്വീകരിക്കാവുന്നത്. ഒന്ന് മരിച്ച വ്യക്തിയില്‍ നിന്ന് അല്ലെങ്കില്‍ ജീവനുള്ള ദാതാവില്‍ നിന്ന്. ജീവനുള്ള ദാതാവ് രോഗിയുടെ ബന്ധുവോ മറ്റാരെങ്കിലുമോ ആയിരിക്കും. എന്നാല്‍ അവയവകൈമാറ്റത്തിനുള്ള നടപടികള്‍ സ്വീകര്‍ത്താവിനെയും ദാതാവിനെയും ഒരുപോലെ വിഷമിപ്പിക്കുന്നതാണ്. ഇതിനായി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, പോലീസ് ജില്ലാ സൂപ്രണ്ട്, എംഎല്‍എ എന്നിവരുടെ സാക്ഷ്യപത്രങ്ങള്‍, ആദായനികുതി സെര്‍ട്ടിഫിക്കറ്റ് തുടങ്ങി ധാരാളം രേഖകള്‍ ഹാജരാക്കേണ്ടിവരുന്നുണ്ട്. കെഎന്‍ഒഎസ് കുറഞ്ഞ ചെലവില്‍ കിഡ്‌നി മാറ്റശസ്ത്രക്രിയയ്ക്ക് സഹായിക്കുന്നുണ്ടെങ്കിലും രോഗിയും ബന്ധുക്കളും ഇത്തരം ഔദ്യോഗികനടപടികളുടെ ബുദ്ധിമുട്ട് കാരണം ഏജന്റുമാരുടെ സഹായം തേടുകയാണ്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളഞ്ഞ വഴി തെരഞ്ഞെടുക്കുന്നതിനാല്‍ ധാരാളം പണം ചെലവാകുന്നുണ്ടെങ്കിലും വേഗത്തില്‍ കാര്യം നടക്കുമെന്നതാണ് ആവശ്യക്കാരെ ഇതിനു പ്രേരിപ്പിക്കുന്നത്. നേരായ മാര്‍ഗത്തില്‍ കാര്യം നടക്കണമെങ്കില്‍ ഏകദേശം ആറുമാസമെങ്കിലും വേണ്ടിവരും. എന്നാല്‍ ഏജന്റുമാര്‍ രണ്ടുമാസം കൊണ്ട് ഇത് സാധിച്ചുകൊടുക്കും.

സംസ്ഥാനത്ത് പല സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളിലും വൃക്കകൈമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി എത്തിക്‌സ് കമ്മിറ്റികള്‍ നിലവിലുണ്ട്. ഇപ്പോള്‍ ശസ്ത്രക്രിയയുള്‍പ്പെടെയുള്ളവയ്ക്കായി പത്തുലക്ഷം രൂപ, കൂടാതെ ഏജന്റിന് അഞ്ചു ലക്ഷം ദാതാവിന് നാലുലക്ഷം എന്നിങ്ങനെയാണ് വൃക്കമാറ്റത്തിനുള്ള ചെലവ്. ശസ്ത്രക്രിയയ്ക്കു ശേഷം 45 ദിവസം രോഗി ആശുപത്രിയില്‍ ചെലവഴിക്കേണ്ടതായും വരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷത്തോളം പിന്നെയും ചെലവാകും.

Comments

comments

Categories: Life, Slider