6 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ തുടങ്ങി

6 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ തുടങ്ങി

ന്യൂഡെല്‍ഹി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഇന്നലെ ആരംഭിച്ചു. ആറ് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിത്. 6,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ദിനം 1.43 കോടി ഓഹരികള്‍ക്കുള്ള ബിഡ്ഡിംഗ് പ്രക്രിയ ആണ് ആരംഭിച്ചത്.

ബിഎസ്ഇ (ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്)യില്‍ നിന്നും എന്‍എസ്ഇ(നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച്)യില്‍ നിന്നും ലഭ്യമാകുന്ന കണക്കുകള്‍ അനുസരിച്ച് 10.93 ശതമാനം സബ്‌സ്‌ക്രിപ്ഷനാണ് ഇഷ്യുവിന് ലഭിച്ചിരിക്കുന്നത്. 13.23 കോടി ഓഹരികളുടേതാണ് ഐപിഒ. റീട്ടെയ്ല്‍ നിക്ഷേപകരാണ് 89 ലക്ഷം ഓഹരികളിലും താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച്ച 1.635 കോടി രൂപയുടെ ഓഹരികള്‍ ആങ്കര്‍ ഇന്‍വെസ്‌റ്റേഴ്‌സിന് (ചുരുങ്ങിയത് 10 കോടി രൂപയുടെയെങ്കിലും ഓഹരിയെടുക്കുന്ന നിക്ഷേപകര്‍) അനുവദിച്ചിരുന്നു. 300-334 ഓഹരിവിലയിലായിരുന്നു ഇത്. ഇതിലൂടെ മാത്രം 4,419 കോടി രൂപ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന് സമാഹരിക്കാന്‍ സാധിക്കും. ഇതുള്‍പ്പെടെയാണ് 6,000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 2010ലെ കോള്‍ ഇന്ത്യയുടെ ഐപിഒയ്ക്ക് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഓഹരി വിപണി പ്രവേശമാണിത്. ഏകദേശം 48,000 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഐപിഒ പൂര്‍ത്തിയാകുന്നതോടെ മാറുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍.

2015 നവംബറില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ തങ്ങളുടെ ആറ് ശതമാനം ഓഹരികള്‍ അസിം പ്രേംജി, ടെമാസെക് ഹോള്‍ഡിംഗ്‌സ് തുടങ്ങിയവര്‍ക്ക് 1,950 കോടി രൂപയ്ക്ക് വിറ്റിരുന്നു. അതോടെ 32,500 കോടി രൂപ മൂല്യമുള്ള കമ്പനിയായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മാറി.

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ധനകാര്യസ്ഥാപനമായ ഐസിഐസിഐ ബാങ്കിന് (മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം) കമ്പനിയില്‍ 67.6 ശതമാനം ഓഹരിയാണുള്ളത്. പ്രുഡന്‍ഷ്യല്‍ കോര്‍പ്പ് ഹോള്‍ഡിംഗ്‌സിന് 25.9 ശതമാനം ഓഹരിയും. ഐപിഒയിലൂടെ വില്‍ക്കുന്നത് ഐസിഐസിഐ ബാങ്കിന്റെ ഓഹരികളാണ്. പ്രുഡന്‍ഷ്യല്‍ ഓഹരികള്‍ തല്‍സ്ഥിതിയില്‍ തന്നെ തുടരും.

2015-16 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തിന്റെ വലുപ്പം 3.7 ലക്ഷം കോടി രൂപയാണ്. ലോകത്തെ ഏറ്റവും വലിയ പത്താമത്തെ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയാണ് രാജ്യത്തേത്, ഏഷ്യയിലെ വലിയ അഞ്ചാമത്തെയും. ഐസിഐസിഐ പ്രുഡന്‍ഷ്യലിന്റെ ഐപിഒ മേഖലയില്‍ പുതിയ ഉണര്‍വുണ്ടാക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles