ഗാര്‍ഹിക തൊഴില്‍: ഏജന്‍സികളുടെ തട്ടിപ്പുകള്‍ തടയാന്‍ കരടുനയത്തില്‍ മാറ്റം വരുത്തും

ഗാര്‍ഹിക തൊഴില്‍:  ഏജന്‍സികളുടെ തട്ടിപ്പുകള്‍ തടയാന്‍ കരടുനയത്തില്‍ മാറ്റം വരുത്തും

 

ന്യൂഡെല്‍ഹി: ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കുന്ന ദേശീയ നയത്തിന്റെ കരടു രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തൊഴില്‍ മന്ത്രാലയം തയാറെടുക്കുന്നു. വിവിധ ഏജന്‍സികള്‍ മുഖേന നടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടൈ റിക്രൂട്ട്‌മെന്റ് നിയന്ത്രണ വിധേയമാക്കുന്നതിനും വീട്ടുടമയ്ക്കും തൊഴിലാളിക്കും ഏജന്‍സികളുടെ തട്ടിപ്പുകളില്‍ നിന്ന് പരിരക്ഷ ലഭിക്കുന്നതിനുമായാണ് ഭേദഗതി നടപ്പാക്കുന്നത്.

നിലവില്‍ പല ഏജന്‍സികളും തൊഴില്‍ ലഭ്യമാക്കുന്ന അവസരത്തില്‍ വാങ്ങുന്ന ഫീസിനു പുറമേ തൊഴിലാളികളുടെ ശമ്പളത്തിന്റെ ഒരുവിഹിതം എല്ലാ മാസവും നല്‍കണമെന്ന് ആവശ്യപ്പെടുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നിര്‍ത്തലാക്കി ഇക്കാര്യത്തില്‍ സാമാന്യമായ ഒരു രീതി കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴിലാളിയുടെ 15 ദിവസത്തെ ശമ്പളം ഒരു തവണ എന്ന നിലയില്‍ മാത്രമേ പരമാവധി ഫീസ് വാങ്ങിക്കാന്‍ അനുവദിക്കുകയുള്ളു. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ഏജന്‍സികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കും.
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നത് ഏജന്‍സികളിലൂടെ മാത്രമാകണമെന്ന നിബന്ധന നിയമത്തിന്റെ ഭാഗമായി ഉണ്ടാകില്ല. എന്നാല്‍ ഏജന്‍സികളിലൂടെയുള്ള നിയമനത്തിലൂടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും താല്‍പ്പര്യങ്ങള്‍ക്ക് നിയമപരമായ എല്ലാ പരിരക്ഷയും ലഭ്യമാകുന്ന സാഹചര്യമുണ്ടാകും. തൊഴിലാഴികള്‍ക്ക് മികച്ച വേതനവും സാമൂഹ്യ സുരക്ഷയും ലഭ്യമാകുന്നതിനൊപ്പം തന്നെ വീട്ടുടമയ്ക്ക് തന്റെ തൊഴിലാളിയുടെ പശ്ചാത്തലവും വിശ്വാസ്യതയും ഉറപ്പാക്കാനും ഇത്തരം നിയമനം സഹായകമാകും. നേരത്തേ സര്‍ക്കാര്‍ തയാറാക്കിയ നയം പ്രകാരം ഗാര്‍ഹിക തൊഴിലാളികളുടെ മുഴുവന്‍ നിയമനവും ഏജന്‍സികള്‍ മുഖേനയാകണമെന്നും അല്ലാത്തവ കുറ്റകൃത്യമായി കണക്കാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ മൂന്നു കോടിയോളം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഉപകാരപ്രദമായിരിക്കും പുതിയ നയമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments

comments

Categories: Slider, Top Stories

Related Articles