ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റി; ട്രെയ്ന്‍ ഗതാഗതം താളംതെറ്റി

ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റി;  ട്രെയ്ന്‍ ഗതാഗതം താളംതെറ്റി

 

തിരുവനന്തപുരം: തൃശൂരിലെ കറുകുറ്റിയില്‍ ട്രെയ്ന്‍ പാളം തെറ്റി രണ്ടു ദിവസം റെയ്ല്‍ ഗതാഗതം പൂര്‍ണമായും താളംതെറ്റിയതിന് ഒരുമാസം തികയും മുമ്പേ സംസ്ഥാനത്ത് വീണ്ടും സമാനമായ അപകടം. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ എര്‍ണാകുളം വരെയുള്ള ട്രെയ്ന്‍ ഗതാഗതം ഏറക്കുറെ സ്തംഭിച്ച അവസ്ഥയിലായിരുന്നു. ഇതുവഴിയുള്ള പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദ് ചെയ്തു മറ്റ് ട്രെയ്‌നുകളും ഏറെ വൈകിയാണ് ഓടിയത്. ഇത് മറ്റിടങ്ങളിലുള്ള യാത്രികരെയും ഏറെ വലച്ചു. ഓണം കഴിഞ്ഞ് ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന ദീര്‍ഘദൂര യാത്രികരെയാണ് അപകടം ഏറെ വലച്ചത്.

കോട്ടയം ഗുഡ്‌സ് യാര്‍ഡിലേക്കുള്ള സാധനങ്ങളുമായി പോകുകയായിരുന്ന ട്രെയ്‌നിന്റെ ഒമ്പതു ബോഗികളാണ് പാളം തെറ്റിയത്. നാലുബോഗികള്‍ പൂര്‍ണമായും മറിഞ്ഞു. ഈ ഭാഗത്തെ പാളം തകര്‍ന്നിട്ടുമുണ്ട്. കറുകുറ്റി അപകടത്തെ തുടര്‍ന്ന് റെയ്ല്‍ ലൈനുകള്‍ മാറ്റിസ്ഥാപിച്ചിടത്താണ് ഇപ്പോള്‍ അപകടം ഉണ്ടായത്. റെയ്ല്‍വേ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളില്‍ പുലര്‍ത്തുന്ന അനാസ്ഥയാണ് ഇതിനു കാരണമെന്ന് യാത്രക്കാരില്‍ നിന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മറിഞ്ഞ ബോഗിയുമായി ട്രെയ്ന്‍ മുന്നോട്ടു നീങ്ങിയതിനെ തുടര്‍ന്ന് ചില തെങ്ങുകളിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. ഇതോടെ കൊല്ലം- കായംകുളം റെയ്ല്‍വേ ലൈനിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ലോക്കൊപൈലറ്റുമാര്‍ വിവരമറിയതിനെ തുടര്‍ന്ന് റെയ്ല്‍വേ പോലീസും റെയ്ല്‍വേ ഇന്‍സ്‌പെക്റ്റര്‍മാരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നും സംസ്ഥാനത്തെ ട്രെയ്ന്‍ ഗതാഗതം നിയന്ത്രണങ്ങളോടെ മാത്രമാണ് നടക്കുക. ചില പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദ് ചെയ്യുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. നേരത്തേ കറുകുറ്റി അപകടത്തിനു ശേഷം പാളങ്ങളില്‍ അറ്റകുറ്റപ്പണികള്‍ അനിവാര്യമായ ഇടങ്ങള്‍ റെയ്ല്‍വേ കണ്ടെത്തുകയും ഇവിടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകും വരെ ട്രെയ്‌നുകള്‍ വേഗം കുറച്ചുമാത്രമേ പോകാവൂ എന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories