ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമൊരുക്കി ഫ്രീചാര്‍ജ്

ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമൊരുക്കി ഫ്രീചാര്‍ജ്

മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫ്രീചാര്‍ജ് ഓട്ടോറിക്ഷ സേവനദാതാക്കളായ ജുഗ്നൂവുമായി കൈകോര്‍ത്തു. ഫ്രീചാര്‍ജിന്റെ സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ജുഗ്നൂ ഓട്ടോകള്‍ക്കും സാധ്യമാക്കികൊണ്ടാണ് പുതിയ സഹകരണം. ഇതോടെ രാജ്യത്തെ നാല്‍പ്പത് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജുഗ്നൂവിന്റെ 12,000 ഓട്ടോറിക്ഷകളില്‍ ഫ്രീചാര്‍ജ് വാലറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താന്‍ കഴിയും. പദ്ധതി നടപ്പിലാകുന്നതോടെ ജുഗ്നൂ സേവനം ശക്തിപ്പെടുത്തുന്നതിനൊപ്പം കമ്പനിയുടെ ബിസിനസ് പുതിയ വിപണികളിലേക്കും എത്തിക്കാന്‍ സാധിക്കും.

ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ ഫ്രീചാര്‍ജിന്റെ സാന്നിദ്ധ്യം ശക്തമാക്കാനും ഈ സഹകരണം വഴിയൊരുക്കും. ഉപഭോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സര്‍വീസിന് സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ കൈകോര്‍ക്കല്‍ എന്നും, പണം കൈയ്യില്‍ കൊണ്ടു നടക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പത്തുമിനുട്ടിനുള്ളില്‍ പേയ്‌മെന്റ് ഇടപാട് നടത്താന്‍ ഇതുവഴി സാധിക്കുമെന്നും ഫ്രീചാര്‍ജ് ചീഫ് ബിസിനസ് ഓഫീസര്‍ സുധിപ് താണ്ടന്‍ പറഞ്ഞു. ജുഗ്നൂവിന്റെ 3.5 ദശലക്ഷത്തോളം വരുന്ന ഉപഭോക്തൃ അടിത്തറ ഫ്രീചാര്‍ജിന്റെ ഭാഗമാക്കുന്നതിനും ഉപഭോക്താക്കളുടെ ദിനചര്യകളില്‍ നിന്നും നേരിട്ട് പണം നല്‍കുന്ന ഇടപാടുകളെ ഡിജിറ്റല്‍ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനും ഇത് വഴിയൊരുക്കുമെന്നും സുധീപ് വിശദമാക്കി.

Comments

comments

Categories: Branding