ഫാഷന്‍ വിപണിയുടെ പകുതി നേടാന്‍ ഫ്‌ളിപ്കാര്‍ട്ട്

ഫാഷന്‍ വിപണിയുടെ പകുതി നേടാന്‍ ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവസീസണ്‍ ലക്ഷ്യമിട്ട് ആഡംബര ഫാഷന്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്തെ ഫാഷന്‍ വിഭാഗത്തില്‍ വില്‍ക്കപ്പെടുന്ന രണ്ട് ഉല്‍പ്പന്നങ്ങളിലൊന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ആ രീതിയിലേക്ക് വിപണി പങ്കാളിത്തം ഉയര്‍ത്താനുള്ള തീവ്രശ്രമം നടത്തുമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഫ്‌ളിപ്പ്കാര്‍ട്ട് നിയന്ത്രണത്തിലുള്ള ഫാഷന്‍ പോര്‍ട്ടലായ മിന്ദ്ര, ജബോങ് തുടങ്ങിയവ ഉത്സവസീസണോടനുബന്ധിച്ച് അധിക വില്‍പ്പന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.

ഈ വര്‍ഷം ജൂലൈയില്‍ 70 ദശലക്ഷം ഡോളറിനാണ് ഫ്‌ളിപ്പ്കാര്‍ട്ട് ജബോങ്ങിനെ ഏറ്റെടുത്തത്. ഇതോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫാഷന്‍ വിപണിയുടെ 65% മുതല്‍ 70% വരെ പങ്കാളിത്തം ഫ്‌ളിപ്പ്കാര്‍ട്ടിനു നേടാനായിട്ടുണ്ട്. 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളിപ്പ്കാര്‍ട്ട് ഇന്ന്, ഇന്ത്യന്‍ ഇ-കൊമേഴ്‌സ് രംഗത്ത് ഒന്നാം സ്ഥാനത്താണ് നിലകൊള്ളുന്നതെന്നും, തങ്ങള്‍ക്ക് ആഗോള ഫാഷന്‍ വിപണിയുടെ 35%ത്തോളം പങ്കാളിത്തം നേടാന്‍ ഈ കാലയളവിനുള്ളില്‍ കഴിഞ്ഞിട്ടുണ്ടെന്നും ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഫാഷന്‍ വിഭാഗം ഉപാധ്യക്ഷന്‍ റിഷി വാസുദേവ് പറഞ്ഞു.

കമ്പനിയുടെ ഫാഷന്‍ വിഭാഗത്തില്‍ ഏതാണ്ട് 60,000ത്തോളം ബ്രാന്‍ഡുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് ദശലക്ഷത്തോളം സ്‌റ്റൈലുകളും കമ്പനി അവകാശപ്പെടുന്നു. ഒരു മാസം 100 ദശലക്ഷം സെര്‍ച്ച് നടക്കുന്നതായും കമ്പനി ചൂണ്ടിക്കാട്ടി. നിലവില്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിപണിയില്‍ ആധിപത്യം നിലനിര്‍ത്തുന്നതിനു വേണ്ടി ആമസോണ്‍ ഇന്ത്യയുമായാണ് ഫ്‌ളിപ്പ്കാര്‍ട്ട് മത്സരിക്കുന്നത്. ഇരു കമ്പനികളുടെയും മൊത്ത വാണിജ്യ മൂല്യം (ജിഎംവി) താരതമ്യം ചെയ്യുമ്പോള്‍ ചെറിയ വ്യത്യാസം മാത്രമെ ഫ്‌ളിപ്പ്കാര്‍ട്ടിനെ മറികടക്കാന്‍ ആമസോണിന് വേണ്ടി വരുന്നുള്ളു. നിക്ഷേപകരുടെയും അനലിസ്റ്റുകളുടെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 20%ത്തിന്റെ കുറവാണ് രണ്ട് കമ്പനികളുടെയും ജിഎംവി തമ്മിലുള്ളത്. അതേസമയം ജബോങ്, മിന്ദ്ര ഫാഷന്‍ പോര്‍ട്ടലുകള്‍ 400 മുതല്‍ 500 കോടി രൂപയുടെ വില്‍പ്പന ഒരു മാസം നടത്തുന്നുണ്ട്. ഈ നേട്ടം ഇന്ത്യന്‍ വിപണിയില്‍ ആമസോണ്‍ ഇന്ത്യയുമായി ചെറുത്തു നില്‍ക്കുന്നതിന് ഫ്‌ളിപ്പ്കാര്‍ട്ടിനെ സഹായിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഉത്സവസീസണ്‍ ആരംഭിക്കുന്നതോടെ ആമസോണ്‍ ഇന്ത്യയെ പിന്തള്ളി കൂടുതല്‍ മുന്നേറാനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ശ്രമം. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനൊപ്പം ടിവി, വാഷിംഗ്‌മെഷീന്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെയും യൂണിറ്റ് വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഫ്‌ളിപ്പ്കാര്‍ട്ട് ഫാഷന്‍ എന്നത് വലിയ വിഭാഗമാണ്, എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ മൂല്യത്തിന്റെ കാര്യത്തില്‍ തങ്ങള്‍ പുറകിലാണെന്ന് റിഷി വാസുദേവ് ചൂണ്ടിക്കാട്ടി. 2020 ഓടെ 50-80 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding, Slider