സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു; ഐടി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും

സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു;  ഐടി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും

തിരുവനന്തപുരം: സമഗ്രമായ ഭവന നിര്‍മാണ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്കും വീടുപണി മുടങ്ങിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കും. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കായി പാര്‍പ്പിട സമുച്ചയങ്ങളും ഇതിനോട് ചേര്‍ന്ന് തൊഴില്‍ പരിശീലന കേന്ദ്രങ്ങളും നടപ്പാക്കും.

വീടുകള്‍ ലഭിക്കുന്നവര്‍ക്ക് 20 വര്‍ഷം വരെ ഇതു കൈമാറുന്നതിനോ വാടകയ്ക്ക് നല്‍കുന്നതിനോ കഴിയില്ല. ചെറിയ തുകയടച്ച് 20 വര്‍ഷത്തിനു ശേഷം വീട് സ്വന്തമാക്കാം. പദ്ധതി നടത്തിപ്പിന് സംസ്ഥാനതലത്തില്‍ രൂപീകരിക്കുന്ന കര്‍മസമിതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാകും സാമൂഹ്യക്ഷേമം, വൈദ്യുതി, പട്ടികജാതി-പട്ടിക വര്‍ഗം, ഫിഷറീസ് എന്നിവയുടെ മന്ത്രിമാര്‍ക്കു പുറമേ പ്രതിപക്ഷ നേതാവിനെയും സമിതിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തും.
അടിയന്തര വൈദ്യസഹായം ഉറപ്പാക്കി ആശുപത്രികളെ ജന സൗഹാര്‍ദമാക്കുന്നതിന് പ്രത്യേക കര്‍മ സമിതിയെ നിയോഗിക്കുന്നതിനും സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളിലാണ് പദ്ധതി ആരംഭിക്കുക. തുടര്‍ന്ന് ജില്ലാ ആശുപത്രികളിലേത്തും ജനറല്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. അലോപ്പതി, ആയുര്‍വേദം, ഹോമിയോ മേഖലകളില്‍ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി അധ്യക്ഷനാകുന്ന കര്‍മസമിതിയില്‍ ആരോഗ്യമന്ത്രിയാണ് ഉപാധ്യക്ഷന്‍.
സമഗ്രമായ വിദ്യാഭ്യാസ നവീകരണ പദ്ധതി നടപ്പാക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഐടി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തും. പഠനത്തില്‍ പിന്നിലാകുന്നവര്‍ക്ക് പ്രത്യേക ശിക്ഷണം നല്‍കുന്നതിനും കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗ് ഉറപ്പാക്കുന്നതിനും പദ്ധതികള്‍ നടപ്പാക്കും. തൊഴില്‍ വൈദഗ്ധ്യം നേടുന്നതിലായി സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു.

Comments

comments

Categories: Slider, Top Stories