വീണ്ടും നുഴഞ്ഞുകയറ്റം: 10 ഭീകരരെ സൈന്യം വധിച്ചു; യുദ്ധസമാന സാഹചര്യത്തിന് പാക് ശ്രമം

വീണ്ടും നുഴഞ്ഞുകയറ്റം:  10 ഭീകരരെ സൈന്യം വധിച്ചു; യുദ്ധസമാന സാഹചര്യത്തിന് പാക് ശ്രമം

 

ന്യൂഡെല്‍ഹി: ഉറിയിലെ സൈനിക ക്യാംപില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ വീണ്ടും ഇന്ത്യാ-പാക്ക് അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പുര മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്. കുപ്‌വാരയിലെ ഹന്ദ്‌വാര ചെക്ക് പോസ്റ്റിനു നേരെയും ഭീകരര്‍ വെടിയുതിര്‍ത്തു.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യവും ഉറിയിലെ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു. ഭീകരര്‍ നുഴഞ്ഞുയറുന്നതിനു മുന്നോടിയായിരുന്നു ഇത്. 20 തവണയാണ് വെടിയുതിര്‍ത്തത്. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ശക്തമായി തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം സൃഷ്ടിക്കുകയാണ് പാക് ലക്ഷ്യം.

അതേസമയം ഉറിയിലെ ബ്രിഗേഡ് ആസ്ഥാനത്ത് 18 സൈനികര്‍ രക്തസാക്ഷികളാകാനിടയായ ഭീകരാക്രമണത്തെ കുറിച്ച് എന്‍ഐഎ അന്വേഷണം തുടങ്ങി. ജമ്മു കശ്മീര്‍ പോലീസ് എടുത്ത കേസിന്റെ എഫ്‌ഐആറും പരിശോധിച്ചു. പാക് സൈനികര്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ക്കു പുറമെ പാക് നിര്‍മ്മിത ജ്യൂസും മരുന്നുമാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നുഴഞ്ഞു കയറിയവര്‍ക്ക് തദ്ദേശീയരുടെ സഹായം ലഭ്യമായെന്ന് റോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു മണിക്കൂറെങ്കിലും പ്രദേശത്തു തങ്ങിയ ശേഷമായിരിക്കണെ ആക്രമണമെന്നാണു റിപ്പോര്‍ട്ട്. ജിപിഎസ് ഉപയോഗിച്ചുള്ള പരിശോധനയിലും അതിര്‍ത്തി കടന്നെത്തിയവരാണെന്ന് നിഗമനത്തിലാണ് ഏജന്‍സികള്‍.

അതിനിടെ യുഎസില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെ പുറത്താക്കി. യുഎന്‍ ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് ഐസാസ് അഹമ്മദ് ചൗധരി ന്യൂയോര്‍ക്കിലെ റൂസ്‌വെല്‍ട്ട് ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍ഡിടിവിയുടെ നമ്രത ബ്രാറിനെയാണ് പുറത്താക്കിയത്.
ഈ ഇന്ത്യക്കാരനെ പുറത്താക്കൂ എന്നായിരുന്നു ചൗധരി ആക്രോശിച്ചത്. ഒറ്റ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനെയും പത്രസമ്മേളനത്തില്‍ പങ്കെടുപ്പിച്ചില്ല. ഉറിയിലെ ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനും പാക്കിസ്ഥാന്‍ നേതാക്കള്‍ തയാറായില്ല.

അതേസമയം ഡെല്‍ഹിയില്‍ പാക്കിസ്ഥാന്‍ വിരുദ്ധ പ്രതിഷേധ റാലി നടന്നു. ഹിന്ദു സേന പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കോലം കത്തിച്ചു.

Comments

comments

Categories: Slider, Top Stories