ചേരിചേരാ സമ്മേളനം: ഭീകരതക്കെതിരായ നടപടികളില്‍ പിന്തുണ തേടി ഇന്ത്യ; പാക്കിസ്ഥാനെതിരേ വിമര്‍ശനം

ചേരിചേരാ സമ്മേളനം:  ഭീകരതക്കെതിരായ നടപടികളില്‍ പിന്തുണ തേടി ഇന്ത്യ;  പാക്കിസ്ഥാനെതിരേ വിമര്‍ശനം

ന്യൂഡെല്‍ഹി: ഭീകരതക്കെതിരായ നടപടിള്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അന്താരാഷ്ട്ര തലത്തിലെ ഭീകരതയെ കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും ഇന്ത്യയുടെ അഭ്യര്‍ത്ഥന. വെനസ്വലയിലെ മാര്‍ഗരിറ്റ ദ്വീപില്‍ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ 17മത് ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വൈസ് പ്രസിഡന്റ് ഹമീദ് അന്‍സാരിയാണ് ഭീകരതക്കെതിരായ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര സമാധാനത്തിനും വിവിധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള കൂട്ടായ്മയ്ക്കും ഇന്ന് പ്രധാന തടസമായി നില്‍ക്കുന്നത് ഭീകരതയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനോ ഭരണകൂടത്തിന്റെ നയം മാറ്റുന്നതിനോ ആയി നിരപരാധികളായ പൗരന്‍മാരെ കൊന്നോടുക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ഭീകരതയുടെ രാഷ്ട്രനയത്തിന്റെ ഭാഗമായി ഏതെങ്കിലും രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെ അന്‍സാരി കൂട്ടിച്ചേര്‍ത്തു.
മനുഷ്യാവകാശ ലംഘനങ്ങള്‍ പെരുകുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതിനും ഭീകരത കാരണമാകുന്നുണ്ട്. അതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഭീകര പ്രവര്‍ത്തനങ്ങളെ നേരിടുന്നതിന് ആവശ്യമായ നിയമപരമായ മാര്‍ഗരേഖയ്ക്ക് രൂപം നല്‍കുകയും ഭീകരതയുടെ കാരണങ്ങളെ കണ്ടെത്തുകയും വേണം. ഇതിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചേരിചേരാ രാജ്യങ്ങളില്‍ നിന്ന് പിന്തുണ പ്രതീക്ഷിക്കുന്നതായും അന്‍സാരി അറിയിച്ചു. ചേരിചേരാ കൂട്ടായ്മയിലെ രാജ്യങ്ങള്‍ ഭീകരതക്കതിരായ നടപടികളില്‍ പരസ്പരം സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഫ്രിക്കയിലെ 53ഉം ഏഷ്യയിലെ 39ഉം ലാറ്റിന്‍ അമേരിക്കയിലെ 26ഉം യൂറോപ്പിലെ രണ്ടും രാജ്യങ്ങളാണ് ചേരിചേരാ കൂട്ടായ്മയിലുള്ളത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*