മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി: അടിസ്ഥാന വില 6.61 ലക്ഷം രൂപ

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി: അടിസ്ഥാന വില 6.61 ലക്ഷം രൂപ

മുംബൈ: രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോയുടെ പുതിയ മോഡല്‍ ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി. എംഎച്ച്എഡബ്ല്യുകെ ഡി 70 എന്‍ജിനോടു കൂടിയ പുതിയ വാഹനത്തിന് 6.61 ലക്ഷം രൂപയാണ് അടിസ്ഥാന വില.
നിലവില്‍ നിരത്തിലുള്ള ബൊലേറോയേക്കാള്‍ 13 ശതമാനം കൂടുതല്‍ കരുത്തും 5 ശതമാനം അധിക മൈലേജും പവര്‍ പ്ലസിനുണ്ട്. അതേസമയം, രൂപകല്‍പ്പനയില്‍ നിലവിലെ ബൊലേറോയ്ക്ക് സമാനമാണ് പുതിയ മോഡല്‍. ഏഴു പേര്‍ക്കുള്ള സീറ്റുകളെ ബൊലേറോ പവര്‍ പ്ലസിലുമുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി.
എസ്എല്‍ഇ, എസ്എല്‍എക്‌സ്, ഇസഡ്എല്‍എക്‌സ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത മോഡലുകളില്‍ പ്ലസ് പവറോടുകൂടിയ ബൊലേറോ ലഭ്യമാകും. എസ്എല്‍ഇക്ക് 6.61 ലക്ഷം രൂപയും എസ്എല്‍എക്‌സിന് 7.8 ലക്ഷവും ഇസഡ്എല്‍എക്‌സിന് 7.25 ലക്ഷവും വില നല്‍കണം.
പുറത്തിറങ്ങിയിട്ട് പത്തു വര്‍ഷമായെങ്കിലും ഇന്ത്യയില്‍ മുന്‍നിരയിലുള്ള എസ്‌യുവിയാണ് ബൊലേറോ. കമ്പനിയുടെ ഉല്‍പ്പന്ന മൂല്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബൊലേറോ പവര്‍ പ്ലസ് അവതരിപ്പിക്കുന്നത്.ബൊലേറോ പവര്‍ പ്ലസ് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവിന്‍ ഷാ പറഞ്ഞു.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്രൈവര്‍ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് (ഡിഐഎസ്), വോയ്‌സ് മെസേജിംഗ് സിസ്റ്റം എന്നിവയും ഓയില്‍ സംരക്ഷിക്കുന്ന മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള കൂളിംഗ് ഫീച്ചേഴ്‌സും ഇസഡ്എല്‍എക്‌സില്‍ ഉണ്ടെന്ന് അധികൃതര്‍ വിശദമാക്കി.

Comments

comments

Categories: Auto