ജിഎസ്ടി: ചെക്ക്‌പോസ്റ്റുകളുടെ നവീകരണത്തിന് 4000കോടി; ചെക്ക്‌പോസ്റ്റുകളെ ബന്ധിപ്പിച്ച് ആപ്പ്

ജിഎസ്ടി:  ചെക്ക്‌പോസ്റ്റുകളുടെ നവീകരണത്തിന് 4000കോടി; ചെക്ക്‌പോസ്റ്റുകളെ ബന്ധിപ്പിച്ച് ആപ്പ്

 

ന്യൂഡെല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി 80 ചെക്ക്‌പോസ്റ്റുകള്‍ നവീകരിക്കുന്നതിന് 4000 കോടി രൂപ ചെലവിടുമെന്ന് റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജിഎസ്ടി യുടെ ഭാഗമായി തടസമില്ലാത്ത ചരക്കു നീക്കം ഉറപ്പുവരുത്തും. ജിഎസ്ടി നടപ്പാക്കുന്നതിനായി ഏറ്റവുമധികം സംഭാവനകള്‍ നല്‍കുക തന്റെ മന്ത്രാലയം ആയിരിക്കുമെന്നും ഗഡ്കരി പിടിഐ ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലും കേന്ദ്ര സര്‍ക്കാരിനു കീഴിലും രാജ്യത്ത് ചെക്ക്‌പോസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനം സംയോജിപ്പിക്കുന്നതിനായി ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നതിനും റോഡ് ഗതാഗത മന്ത്രാലയം ശ്രമം ആരംഭിച്ചിട്ടുണ്ട്.
സ്വന്തന്ത്ര്യലബ്ധിക്കു ശേഷം നടന്ന ഏറ്റവും വലിയ നികുതി പരിഷ്‌കരണമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചരക്കുസേവന നികുതി അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് നടപ്പാക്കി തുടങ്ങുക. വിവിധ തട്ടുകളിലായി നിലനിന്ന നികുതി സമ്പ്രദായം ഏകീകരിക്കപ്പെടുന്നതോടെ സംസ്ഥാനങ്ങള്‍ക്കിടയിലെ ചരക്കുനീക്കം സുഗമമാകുമെന്ന് ഗഡ്കരി വിലയിരുത്തുന്നു. അതിനാല്‍ ചെക്ക്‌പോസ്റ്റുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്ത് നവീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.
വിവിധ നികുതി സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന അതിര്‍ത്തികളിലുള്ള ചെക്ക്‌പോസ്റ്റുകളിലാണ് ഇതുവരെ ചരക്കുകള്‍ ഏറെ സമയം കെട്ടിക്കിടക്കേണ്ടി വന്നിരുന്നത്. പലപ്പോഴും ചെക്ക്‌പോസ്റ്റുകളിലെ ദീര്‍ഘമായ കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി കൂടുതല്‍ നീളമുള്ള വഴികള്‍ ചെക്ക്‌പോസ്റ്റുകള്‍ കുറവാണ് എന്നതിന്റെ പേരില്‍ ലോറികളും ട്രക്കുകളും മറ്റും തെരഞ്ഞെടുക്കാറുണ്ട്. ഇത് ഒഴിവാക്കുന്നതിനായാണ് 80 ചെക്ക്‌പോസ്റ്റുകളെ തെരഞ്ഞെടുത്ത് നവീകരിക്കുന്നത്. ഓരോ ചെക്ക്‌പോസ്റ്റിലും 50 കോടി രൂപയോളം ചെലവിടാനാണ് പദ്ധതിയിടുന്നതെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നു.
ജിഎസ്ടി നടപ്പാക്കുന്നതോടെ ചരക്കു നീക്കത്തിനുള്ള ചെലവില്‍ 10-15 ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് ഉല്‍പ്പന്നങ്ങളുടെ വില കുറയുന്നതിനും സഹായിക്കും.

Comments

comments

Categories: Slider, Top Stories