തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍…

തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍…

ജോബിന്‍ എസ് കൊട്ടാരം

നെല്‍സണ്‍ ബങ്കര്‍ ഹണ്ട് – 1960കളിലും 70കളിലും ലോകത്തിലെ ഏറ്റവും സമ്പന്നന്‍. 1600 കോടിയിലധികം ഡോളര്‍ ആസ്തി. ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം. ലോകമെമ്പാടുമായി കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആയിരത്തിലധികം പന്തയക്കുതിരകള്‍. വെള്ളി വ്യാപാരത്തില്‍ ലോകത്തിലെ ബിസിനസിന്റെ പകുതിയിലധികം നിയന്ത്രിച്ചിരുന്ന വ്യക്തി. ഓസ്‌ട്രേലിയയില്‍ 50 ലക്ഷം ഏക്കര്‍ സ്ഥലത്തിന്റെ ഉടമ, ഫിലിപ്പീന്‍സിലും മെക്‌സിക്കോയിലും എണ്ണഖനന കേന്ദ്രങ്ങള്‍, താമസം അമേരിക്കയിലെ ഡള്ളസില്‍ 2000 ഏക്കറിനു മധ്യത്തിലായുള്ള കൊട്ടാരസദൃശ്യമായ വീട്ടില്‍.

44 വര്‍ഷങ്ങള്‍ക്കുശേഷം.  ഡള്ളസിലെ ഒരു വൃദ്ധസദനത്തില്‍

അല്‍ഴിമേഴ്‌സും കാന്‍സറും ബാധിച്ച് ഓര്‍മ്മപോലും നശിച്ച അവസ്ഥയില്‍ കഴിയുന്ന ഹണ്ട്. 2014 ഒക്‌റ്റോബര്‍ 21 – സമ്പന്നതയുടെ കൊടുമുടിയില്‍ നിന്നും ദാരിദ്ര്യവും ഏകാന്തതയും രോഗങ്ങളും മാത്രം ബാക്കിയാക്കി നെല്‍സണ്‍ ബങ്കര്‍ ഹണ്ട് മരണത്തിന് കീഴടങ്ങി. ഒത്തിരി ചിന്തകള്‍ ബാക്കിവച്ചുകൊണ്ടായിരുന്നു ആ മരണം. അമേരിക്കയിലെ ടെക്‌സാസില്‍ എണ്ണപ്രഭുവായിരുന്നു ഹണ്ടിന്റെ പിതാവ്. മൂന്നു സ്ത്രീകളിലായി 14 മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. വളര്‍ന്നതോടെ പിതാവിന്റെ പാത പിന്തുടര്‍ന്ന് ബങ്കര്‍ ഹണ്ടും എണ്ണ ബിസിനസിലേക്ക് കടന്നുവന്നു. ലിബിയയില്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചതില്‍ ബങ്കര്‍ ഹണ്ട് നിര്‍ണായക പങ്കാണ് വഹിച്ചത്. അതോടെ സമ്പത്ത് കുമിഞ്ഞുകൂടി. പക്ഷേ, മുവാമര്‍ ഗദ്ദാഫി ലിബിയയില്‍ അധികാരമേറ്റെടുത്തതും ഹണ്ടിന്റെ അധീനതയിലുണ്ടായിരുന്ന 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുത്ത് ദേശസാല്‍ക്കരിച്ചു. ഹണ്ടിന്റെ ബിസിനസിലെ തകര്‍ച്ചയുടെ തുടക്കം ഇവിടെ നിന്നായിരുന്നു.

പക്ഷേ, തോറ്റുകൊടുക്കാന്‍ ഹണ്ട് ഒരുക്കമായിരുന്നില്ല. വെള്ളി ബിസിനസിലേക്ക് അദ്ദേഹം തിരിഞ്ഞു. വൈകാതെ ബിസിനസില്‍ വന്‍ ഉയര്‍ച്ച തന്നെ നേടി. ലോകത്തിലെ വെള്ളി ബിസിനസിന്റെ പകുതിയിലധികവും നിയന്ത്രിക്കുന്നത് ഹണ്ടായി മാറി. 1979 ആയപ്പോഴേക്കും ഏകദേശം 31 ലക്ഷം കിലോ വെള്ളി ഹണ്ടിന്റെ കൈവശമെത്തി. ഇത് ആഗോള വിപണിയില്‍ വെള്ളിയുടെ വില കൂടാന്‍ ഇടയാക്കി. 1979 സെപ്റ്റംബറില്‍ ഔണ്‍സിന് 11 ഡോളര്‍ ആയിരുന്ന വെള്ളി വില 1980 ജനുവരിയില്‍ 50 ഡോളറായി കുത്തനെ ഉയര്‍ന്നു. ഹണ്ട് സഹോദരന്‍മാരുടെ ലാഭം വന്‍തോതില്‍ വര്‍ധിച്ചു. എന്നാല്‍ കാറ്റ് മാറിവീശിയത് പെട്ടെന്നായിരുന്നു. രണ്ട് മാസങ്ങള്‍ക്കുശേഷം വെള്ളി വില കുത്തനെ ഇടിഞ്ഞ് ഔണ്‍സിന് 11 ഡോളറിലും താഴെയെത്തി. ചരിത്രത്തില്‍ ഒറ്റ ദിവസം കൊണ്ട് വെള്ളി വില ഏറ്റവും താഴെപ്പോയ ദിവസമായിരുന്നു അത്. ഒപ്പം എണ്ണ വിലയും കുറഞ്ഞതോടെ ഹണ്ട് സാമ്പത്തികമായി പാടെ തകര്‍ന്നു. അതോടെ വന്‍ കടബാധ്യതയും കേസുമെല്ലാം അദ്ദേഹത്തെ തേടിയെത്തി.

കടങ്ങള്‍ തീര്‍ക്കാനും കേസുകളുടെ നടത്തിപ്പിനുമായി തന്റെ കൊട്ടാര സദൃശ്യമായ വീടുള്‍പ്പെടെ വില്‍ക്കേണ്ടതായും മുഴുവന്‍ സമ്പാദ്യവും മുടക്കേണ്ടിവരുകയും ചെയ്തു.  ഒന്നുമില്ലാത്ത അവസ്ഥയില്‍ ഡള്ളസില്‍ ഒരു ചെറിയ വീട്ടിലേക്ക് താമസം മാറി ഹണ്ട്. കാന്‍സറിനൊപ്പം ഓര്‍മ്മശക്തി നഷ്ടമായ അവസ്ഥയുമായതോടെ അവിടെ നിന്നും വൃദ്ധസദനത്തിലേക്ക്. ഒടുവില്‍ അധികമാരുമറിയാതെ അന്ത്യം. മരണം ആദ്യം പ്രാദേശിക പത്രങ്ങളില്‍ മാത്രമാണ് ചെറിയൊരു വാര്‍ത്തയായി വന്നത്. പിന്നീടാണ് ഹണ്ടിന്റെ പശ്ചാത്തലം തിരിച്ചറിഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അമേരിക്കന്‍ പത്രങ്ങളില്‍ ഈ വാര്‍ത്ത വരുന്നത്.

ചാര്‍ളി ചാപ്ലിന്‍ പറഞ്ഞ ഒരു വാചകം ഓര്‍മ്മ വരുന്നു- എന്റെ ഏറ്റവും നല്ല സുഹൃത്ത് കണ്ണാടിയാണ്. കാരണം ചിരിക്കുമ്പോള്‍ എനിക്കൊപ്പം ചിരിക്കാനും ഞാന്‍ കരയുമ്പോള്‍ എനിക്കൊപ്പം കരയാനും കഴിയുന്ന ഒരേ ഒരാള്‍ കണ്ണാടി മാത്രമാണ്.

നമ്മുടെ ജീവിതത്തില്‍ അധികാരങ്ങളും സമ്പത്തും നേട്ടങ്ങളുമുണ്ടാകുമ്പോള്‍ നമ്മുടെ സൗഹൃദവും ബന്ധുത്വവുമൊക്കെ പറയാനും ഒപ്പം നില്‍ക്കാനും ഒത്തിരിപ്പേരെ കണ്ടേക്കാം. എന്നാല്‍ നമുക്ക് ജീവിതത്തില്‍ തകര്‍ച്ചകളുണ്ടാകുമ്പോള്‍ നമ്മുടെ ഒപ്പം നില്‍ക്കുന്നവരാണ് യഥാര്‍ത്ഥ ബന്ധുക്കളും സുഹൃത്തുക്കളും. അല്ലാത്ത സ്തുതിപാഠകരെ ഒരിക്കലും വിശ്വസിക്കരുത്. പലരുടെയും ചിരികളില്‍ ഒളിഞ്ഞിരിക്കുന്ന വിഷപ്പുക തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അതല്ലായെങ്കില്‍ തെറ്റായ ഉപദേശകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പങ്കാളികളുടെയും കെണിയില്‍ വീണ് എല്ലാം നഷ്ടമായെന്നുവരാം.

ഒരു കാലത്ത് ഉയര്‍ന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെ വന്നശേഷം പിന്നീട് തെറ്റായ സ്വാധീനങ്ങളിലും ഉപദേശങ്ങളിലും പെട്ട് വഴി തെറ്റിയവരെ, അസ്ഥിത്വം നഷ്ടപ്പെട്ടവരെ ബിസിനസ് രംഗത്തും സിനിമയിലും രാഷ്ട്രീയത്തിലും ബ്യൂറോക്രസിയിലുമൊക്കെ കാണാന്‍ കഴിയും. അതിനാല്‍ ഏതു മേഖലയിലായാലും വളഞ്ഞ വഴികള്‍ തേടാതെ, ഈശ്വരന്‍ നമുക്ക് തന്നിരിക്കുന്ന കഴിവുകള്‍ ഉപയോഗിച്ച് മൂല്യബോധത്തില്‍ ഉറച്ച് പ്രവര്‍ത്തിക്കാം. അപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമായിത്തീരും. തകര്‍ച്ചകളും തിരിച്ചടികളുമാകുന്ന കൊടുങ്കാറ്റുകള്‍ക്ക് ആ അടിത്തറയെ അത്ര പെട്ടെന്ന് ഇളക്കാന്‍ സാധിക്കില്ല. അപമാനങ്ങളും അപവാദങ്ങളും തോല്‍വികളുമെല്ലാം കൂടുതല്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഇന്ധനമാണ്. ഓരോ അടിയിലും സ്വര്‍ണ്ണം കൂടുതല്‍ മികവുറ്റതാകുന്നതുപോലെ ഓരോ തിരിച്ചടികളിലും നിന്ന് കൂടുതല്‍ ഊര്‍ജ്ജമുള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സാധിക്കുമ്പോഴാണ് വന്‍ വിജയങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്നത്.

പണവും സൗന്ദര്യവും പ്രശസ്തിയും അംഗീകാരങ്ങളും അധികാരവും ആരോഗ്യവും കുടുംബ ജീവിതവുമെല്ലാം നമുക്ക് ഈശ്വരന്‍ തന്നിരിക്കുന്ന ദാനമാണ്. അതല്ലാതെ ഇതെല്ലാം എന്റെ മാത്രം കഴിവുകൊണ്ടാണെന്ന് ചിന്തിക്കുമ്പോള്‍ അവിടെ അഹങ്കാരം മുളപൊട്ടുന്നു. അഹങ്കാരം നിറഞ്ഞ മനസ് എടുക്കുന്ന തീരുമാനങ്ങളില്‍ ഈശ്വരന് സ്ഥാനമുണ്ടാവുകയില്ല. അപ്പോള്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവണമെന്നില്ല. ചിലപ്പോള്‍ നേടിയതൊക്കെയും നഷ്ടമായെന്നു വരാം. അതിനാല്‍ ഏതുകാര്യവും ഈശ്വരന് സമര്‍പ്പിച്ചുകൊണ്ട് ശരിയായ വഴിയിലൂടെ മനഃസാക്ഷിക്കനുസൃതമായി ചെയ്യുക. അവിടെ ഏതു പ്രതിസന്ധികളിലും അന്തിമ വിജയം നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കും. വിജയാശംസകള്‍…

ചിന്ത
ഓരോ ചുവടും പോലെ ജീവിതത്തെ കാണുക. മുന്നില്‍ നില്‍ക്കുന്ന ചുവടിന് അമിത അഭിമാനമോ പിന്നില്‍ നില്‍ക്കുന്ന ചുവടിന് ആത്മാഭിമാനമില്ലായ്മയോ ഇല്ല. കാരണം തങ്ങളുടെ സാഹചര്യം മാറുമെന്ന് അവര്‍ക്കു രണ്ടു പേര്‍ക്കും അറിയാം.

(ഇന്റര്‍നാഷണല്‍ മോട്ടിവേഷണല്‍ സ്പീക്കറും സൈക്കോളജിസ്റ്റും എഴുത്തുകാരനുമാണ് ലേഖകന്‍. മൊബീല്‍: 9447259402)

Comments

comments

Categories: Uncategorized