പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രം: രാജ്‌നാഥ് സിംഗ്

പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രം: രാജ്‌നാഥ് സിംഗ്

ഭീകരതയെ നേരിട്ട് പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്‍ നടപടിയില്‍ അതിയായ ദുഖവും ശക്തമായ എതിര്‍പ്പുമുണ്ടെന്ന് ആഭ്യന്തരമന്ത്രി

ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടതിനോടുള്ള ഇന്ത്യയുടെ പ്രതികരണം ശക്തമാകുന്നു. പാക്കിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരാണ് ആക്രമണം നടത്തിയതെന്ന നിഗമനത്തില്‍ അവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യ. പാക്കിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും തീവ്രവാദികളെയും കൊടും ഭീകര സംഘടനകളെയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ആ രാഷ്ട്രം കൈക്കൊള്ളുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആഞ്ഞടിച്ചു.

ട്വിറ്ററിലൂടെയാണ് അദ്ദേഹം പാക്കിസ്ഥാനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ഭീകരാക്രമണത്തെക്കുറിച്ച് വിശകലനം നടത്താന്‍ കൂടിയ ഉന്നതതല യോഗത്തിനു ശേഷമായിരുന്നു രാജ്‌നാഥ് സിംഗിന്റെ പ്രതികരണം. ആദ്യമായാണ് ആഭ്യന്തരമന്ത്രാലയം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് തുറന്നടിക്കുന്നത്. അതിവിദഗ്ധ പരിശീലനം സിദ്ധിച്ച പാക്കിസ്ഥാന്‍ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

പാക്കിസ്ഥാനെ ഒറ്റപ്പെടുത്തണമെന്നും ഭീകരതയെ വെച്ചുപുറപ്പിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈനികരെ കൂട്ടക്കൊല ചെയ്ത ഭീകരരുടെ നടപടിയില്‍ രാജ്യമെങ്ങും വന്‍പ്രതിഷേധമാണ് അരങ്ങേറുന്നത്. പാക്കിസ്ഥാനുമായി ഇനി യാതൊരു വിധ സമാധാന ചര്‍ച്ചകള്‍ക്കും പ്രസക്തിയില്ലെന്ന നിലപാട് ആക്രമണത്തോടെ ബിജെപിയിലെ തീവ്രവിഭാഗം സ്വീകരിക്കുമെന്നാണ് നിലപാട്. സൈനികരെ കൊന്നവരെ വെറുതെ വിടില്ലെന്ന പ്രസ്താവനയിലൂടെ ഭീകരതാവളങ്ങള്‍ തകര്‍ക്കാന്‍ അതിര്‍ത്തി കടന്നുള്ള സൈനിക നീക്കത്തിന് പ്രധാനമന്ത്രി ഉദ്ദേശിക്കുന്നുണ്ടോയെന്നതും ചര്‍ച്ചയാവുകയാണ്.

Comments

comments

Categories: Top Stories
Tags: Pakistan