തെലങ്കാന സര്‍ക്കാര്‍ സിസ്‌കോയുമായി ധാരണാപത്രം ഒപ്പുവച്ചു

തെലങ്കാന സര്‍ക്കാര്‍ സിസ്‌കോയുമായി ധാരണാപത്രം ഒപ്പുവച്ചു

ഹൈദരാബാദ്‌: ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി തെലങ്കാന സര്‍ക്കാര്‍, അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്‍ ടെക്‌നോളജി കമ്പനിയായ സിസ്‌കോ സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റല്‍ സോണ്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്ട്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഇന്നൊവേഷന്‍ ഹബ്ബ്, ഹൈ ടെക് സിറ്റിക്കടുത്തായി ലിവിംഗ് ലാബ് തുടങ്ങിയവ സിസ്‌കോ നിര്‍മിക്കും. ഇതുകൂടാതെ സിസ്‌കോയുടെ നേതൃത്വത്തില്‍ രാജ്യത്തെ പൊതു-സ്വകാര്യ പങ്കാളിത്തത്തിലുള്ള ഏറ്റവും വലിയ ഇന്നൊവേഷന്‍ ഹബ്ബായ ടി-ഹബ്ബില്‍ എക്‌സലന്‍സ് സെന്ററും ലിവിംഗ് ലാബും നിര്‍മിക്കാനും പദ്ധതിയുണ്ട്.

സംസ്ഥാനത്ത് സംരംകത്വ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം സാമൂഹികമായ മാറ്റങ്ങള്‍ കൈവരിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഈ കരാര്‍ ധാരണയായിട്ടുണ്ട്. കരിംനഗര്‍ ജില്ലയിലെ പത്ത് സകൂളുകളില്‍ വിദൂര വിദ്യാഭ്യാസ പ്രോഗ്രാം സംഘടിപ്പിക്കുന്നതിനും, ഹൈദരാബാദിലെ ചരിത്ര സ്മാരകമായ കുത്തബ് ഷാഹി ശവകുടീരത്തില്‍ ഡിജിറ്റല്‍ സൊലൂഷന്‍ ഒരുക്കുന്നതിനും കരാറില്‍ ധാരണയായിട്ടുണ്ട്. ഹൈ ടെക് സിറ്റിയില്‍ വച്ച് നടന്ന ഐടി സെക്ടോറിയല്‍ പോളിസി പ്രഖ്യാപന ചടങ്ങിലാണ് കരാര്‍ ഒപ്പുവച്ചത്.

സിസ്‌കോയുടെ ‘ഗോള്‍ഡന്‍ മൈല്‍ പ്രൊജക്ട്’ന്റെ ഭാഗമായി ഹൈ ടെക് സിറ്റിയില്‍ സിറ്റി ഡിജിറ്റല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമും ഒരുക്കും. സ്മാര്‍ട്ട് വൈ-ഫൈ, സ്മാര്‍ട്ട് പാര്‍ക്കിംഗ്, സ്മാര്‍ട്ട് ലൈറ്റനിംഗ്, ട്രാഫിക് അനലിറ്റിക്‌സ്, റിമോട്ട് എക്‌സ്‌പേര്‍ട്ട്, സ്മാര്‍ട്ട് എന്‍വിയോണ്‍മെന്റല്‍ സെന്‍സേഴ്‌സ്, സ്മാര്‍ട്ട് വേസ്റ്റ് മാനേജ്‌മെന്റ്, സ്മാര്‍ട്ട് കണ്‍ട്രോള്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സൗകര്യങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തെലങ്കാന സംസ്ഥാനത്തെ മികച്ച സംവിധാനത്തിനു കീഴില്‍ നിരീക്ഷണവിധേയമാക്കാന്‍ സാധിക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

Comments

comments

Categories: Entrepreneurship