‘ഗ്യാന്‍ ധന്‍’: സ്റ്റാര്‍ട്ടപ്പുകള്‍ വഴി വിദ്യാഭ്യാസ ലോണുകളും

‘ഗ്യാന്‍ ധന്‍’: സ്റ്റാര്‍ട്ടപ്പുകള്‍ വഴി വിദ്യാഭ്യാസ ലോണുകളും

വിജയ്‌വാഡ സ്വദേശി യശ്വന്ത് കുമാറിന് അമേരിക്കയിലെ നോര്‍ത്ത് കരോളിന സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചു. എന്നാല്‍ പഠന ചെലവ് വഹിക്കാന്‍ കുടുംബത്തിനു കഴിഞ്ഞില്ല. തുടര്‍ന്ന് വിദ്യാ്ഭ്യാസ ലോണ്‍ എടുക്കാന്‍ യശ്വന്ത് തീരുമാനിച്ചു. അതിനായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ലോണ്‍ ശരിയായില്ല. ഒടുവില്‍ പ്രതിസന്ധിയിലായ യശ്വന്തിന് ഒരു സ്റ്റാര്‍ട്ടപ്പ് തുണയായി. വിദ്യാഭ്യാസത്തിനു വേണ്ട ചെലവിനായി ഗ്യാന്‍ ധന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി യശ്വന്തിന് ലോണ്‍ കൊടുത്തു.

ബിരുദ തലത്തില്‍ പഠിക്കുന്നവര്‍ക്കായി ലോണ്‍ സൗകര്യം ഒരുക്കുക എന്നതാണ് ഗ്യാന്‍ ധന്‍ എന്ന സ്റ്റാര്‍ട്ടപ്പ് ചെയ്യുന്നത്. ഐഐടി പൂര്‍വ വിദ്യാര്‍ത്ഥികളായ അങ്കിത് മെഹ്‌റ, ജൈനേഷ് സിന്‍ഹ എന്നിവരാണ് സംരംഭത്തിന് തുടക്കം കുറിച്ചത്. പ്രധാനമായും വിദേശങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോണ്‍ ലഭ്യമാക്കുകയെന്നതാണ് ഗ്യാന്‍ ധന്‍ ചെയ്യുന്നത്. എസ്ബിഐയും ആക്‌സിസ് ബാങ്കുമായും സ്റ്റാര്‍ട്ടപ്പിന് പാര്‍ട്ണര്‍ഷിപ്പുണ്ട്. ഇതുവഴിയാണ് ലോണ്‍ നല്‍കുന്നത്. ലോണ്‍ കൊടുക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ ജോലി സാധ്യത മാത്രമാണ് മാനദണ്ഡമാക്കുന്നത്. പലിശയ കുറവും ഈടില്ലാത്ത വായ്പകളാണ് കൂടുതലായും നല്‍കുന്നതെന്നും ജൈനേഷ് സിന്‍ഹ പറയുന്നു. 21 കോടിയുടെ നൂറോളം വായ്പകള്‍ ഇതുവരെ വിതരണം ചെയ്തുവെന്നും അവര്‍ വ്യക്തമാക്കി.

ലോണ്‍ നടപടികളില്‍ പേപ്പര്‍ ജോലികള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കും. വിദ്യാര്‍ത്ഥി ലോണിനായി സമീപിച്ചാല്‍ ഉടന്‍ ബാങ്കുമായി ബന്ധപ്പെടും. പിന്നെ സുഗമമായ നടപടി ക്രമങ്ങളിലൂടെ വിദ്യാര്‍ത്ഥിക്ക് ലോണ്‍ ബാങ്കില്‍ നിന്നും വാങ്ങി നല്‍കുകയും ചെയ്യുമെന്ന് സിന്‍ഹ പറയുന്നു.

ഗ്യാന്‍ ധനിനു സമാനമായ സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓപ്പണ്‍ ടാപ്പ്. ലോണ്‍ നല്‍കുന്നവരെയും വാങ്ങുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കുകയെന്നതാണ് ഓപ്പണ്‍ ടാപ്പ് ചെയ്യുന്നത്. തങ്ങളുടെ 40 ശതമാനം ലോണുകളും സ്‌കൂള്‍, കൊളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ളതാണെന്ന് ഓപ്പണ്‍ ടാപ്പ് സ്ഥാപകന്‍ നടരാജന്‍ പറയുന്നു.

ശിക്ഷ എന്ന ചൈന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് ചാര്‍ട്ടേഡ് എക്കൗണ്ടന്റുകളായ ജേക്കബ് എബ്രഹാം, വില്‍ രാമകൃഷ്ണന്‍ എന്നിവര്‍ തുടങ്ങിയതാണ്. ഓട്ടോ ഡ്രൈവര്‍മാര്‍, ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവരുടെ മക്കള്‍ക്ക് ലോണ്‍ നല്‍കാനാണ്ശിക്ഷ ആരംഭിച്ചത്. എല്ലാ വര്‍ഷവും ഇവര്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ ഇതിന് ഈട് വെക്കണം. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ ഫീസ് കൃത്യമായി അടയ്ക്കാറുണ്ടെന്ന് കാണിക്കുന്ന സ്‌കൂളില്‍ നിന്നുള്ള കത്തും ലോണിന് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം.

ഭാവി തലമുറയെ വാര്‍ത്തെടുക്കാനായുള്ള സ്റ്റാര്‍ട്ടപ്പുകളുടെയും യുവാക്കളുടെയും ഈ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണമില്ലാതെ അലയുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇത്തരം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ തുണയാവുകയാണ്.

Comments

comments

Categories: Education