എസ്എംഇ വായ്പയില്‍ 12% വളര്‍ച്ച പ്രതിക്ഷിക്കുന്നതായി എസ്ബിഐ

എസ്എംഇ വായ്പയില്‍ 12% വളര്‍ച്ച പ്രതിക്ഷിക്കുന്നതായി എസ്ബിഐ

കൊല്‍ക്കത്ത: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എസ്എംഇ)ക്കായുള്ള വായ്പയില്‍ ഈ സാമ്പത്തിക വര്‍ഷം 12% വളര്‍ച്ച നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കഴിഞ്ഞ വര്‍ഷം എസ്എംഇ വായ്പയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നതായും, ഈ വിഭാഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഈ വര്‍ഷം എസ്എംഇ വായ്പയില്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചത്. ഈ സാമ്പത്തിക വര്‍ഷം പത്തു മുതല്‍ പന്ത്രണ്ട് ശതമാനം വരെയാണ് വളര്‍ച്ചാ നിരക്ക് പ്രതീക്ഷിക്കുന്നതെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ രജ്‌നിഷ് കുമാര്‍ പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തില്‍ 14% മുതല്‍ 15% വരെയാണ് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള വായ്പയില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നതെന്നും എന്നാല്‍ 12% എന്നത് സാധ്യമാകുന്ന വളര്‍ച്ചാ നിരക്കാണെന്നും അദ്ദേഹം വിശദീകരിച്ചു. വസ്തു അധിഷ്ഠിത വായ്പ, സപ്ലൈ ചെയിന്‍, ഫിനാന്‍സിംഗ് തുടങ്ങിയവ ഉള്‍പ്പെടുത്തി എസ്എംഇ വായ്പാ വിഭാഗം സജീവമാക്കിയതായും രജ്‌നീഷ് കുമാര്‍ പറഞ്ഞു. മൊത്തത്തിലുള്ള വായ്പാ വിഭാഗത്തില്‍ 13% മുതല്‍ 14% വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories