വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറില്‍ കൗബോയ് പാര്‍ക്ക്

വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറില്‍ കൗബോയ് പാര്‍ക്ക്

മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാട്ടുപ്പെട്ടി ഡാമിന്റെ തീരത്ത് കൗബോയ് പാര്‍ക്ക് ഒരുങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരളാ ഹൈഡല്‍ ടൂറിസത്തിന്റേയും ഫണ്‍ ഫാക്ടറി ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണ് കൗബോയ് പാര്‍ക്ക്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പാര്‍ക്ക് ആകര്‍ഷിക്കുന്നു. നിരവധി വിനോദോപാധികളാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മാട്ടുപ്പെട്ടിയിലെ സണ്‍ മൂണ്‍ വാലി ബോട്ടിങ് സെന്ററില്‍ ഡാമിന്റെ മുഴുവന്‍ സൗന്ദര്യവും ആസ്വദിക്കാവുന്ന വിധത്തിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കൗബോയ് പാര്‍ക്കിന്റെ രൂപകല്‍പന.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പാര്‍ക്കില്‍ 13 സ്‌പെഷ്യല്‍ ഇഫെക്ടുകളുള്ള 12ഡി തിയറ്റര്‍, 100 മീറ്റര്‍ സിപ് ഡ്രൈവോടുകൂടിയ അഡ്വഞ്ചര്‍ സോണ്‍, കുട്ടികളുടെ മള്‍ട്ടിപ്ലേ ഏരിയ, ക്രിക്കറ്റ് സിമുലേറ്റര്‍, പെഡല്‍ കാറുകള്‍, പോണി റൈഡ്, ഹാപ്പി കാര്‍, ക്ലൈമ്പിങ് വാള്‍, ആധുനിക സൗകര്യങ്ങളുള്ള ആര്‍ച്ചറി, ഷൂട്ടിങ് റേഞ്ച്, സ്പാനിഷ് ബുള്‍, ഫല്‍വര്‍ ഗാര്‍ഡന്‍, പത്തിലേറെ കാര്‍ണിവല്‍ ഗെയിംസ് എന്നിവ ഒരുക്കിയിരിക്കുന്നു.

15 ഏക്കറോളമുള്ള കെഎസ്ഇബിയുടെ സണ്‍മൂണ്‍ വാലി പാര്‍ക്കില്‍ ബോട്ടിങ് സെന്ററിനടുത്താണ് കൗബോയ് പാര്‍ക്ക്. ഇപ്പോള്‍ മൂന്നാറും മാട്ടുപ്പെട്ടിയും കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് ബോട്ടിങ്ങിനപ്പുറം മറ്റൊരു വിനോദകേന്ദ്രം കൂടി തുറക്കുകയാണ് ഇവിടെ. വിശാലമായ പാര്‍ക്കിങ് സൗകര്യം, ആധുനികമായ റസ്റ്റോറന്റ് തുടങ്ങിയവയും പാര്‍ക്കിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മൂന്നാര്‍ ടൗണില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പാര്‍ക്ക്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടു മാസത്തേയ്ക്ക് പ്രഖ്യാപിച്ച ഓഫര്‍ പ്രകാരം 200 രൂപയാണ് ടിക്കറ്റ് നിരക്ക്.

Comments

comments

Categories: Life, Slider