അരുണാചല്‍: നഷ്ടം കോണ്‍ഗ്രസിന് തന്നെ പക്ഷേ, നേട്ടം ബിജെപിക്കോ? വിലപേശല്‍ രാഷ്ട്രീയത്തിന് പേമ ഖണ്ഡു

അരുണാചല്‍: നഷ്ടം കോണ്‍ഗ്രസിന് തന്നെ പക്ഷേ, നേട്ടം ബിജെപിക്കോ? വിലപേശല്‍ രാഷ്ട്രീയത്തിന് പേമ ഖണ്ഡു

ഗുവാഹത്തി: അരുണാചല്‍പ്രദേശ് രാഷ്ട്രീയത്തിലെ പുതിയ ട്വിസ്റ്റ് അപ്രതീക്ഷിതമല്ലെങ്കിലും അതില്‍ നിന്നു പ്രതീക്ഷിക്കുന്ന ലാഭം സംസ്ഥാനത്തിനു ലഭിക്കുമോ എന്നത് കണ്ടറിയണം. എന്നാല്‍ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടം രാജ്യം ഭരിക്കുന്ന ബിജെപിക്കു തന്നെ. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നതാണ് വടക്കുകിഴക്കന്‍ സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ നീക്കം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന ഏക കോണ്‍ഗ്രസ് സര്‍ക്കാരാണു കൂറുമാറ്റത്തിലൂടെ കടപുഴകിയത്.

മാസങ്ങളായി അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിനു വെള്ളിയാഴ്ചയാണ് പുതിയ വഴിത്തിരിവുണ്ടായത്. മുന്‍മുഖ്യമന്ത്രി നബാം തുക്കി ഒഴികെ, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 41 എംഎല്‍എമാരും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പിപിഎ) ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവും പിപിഎയില്‍ ചേര്‍ന്നു. ബിജെപി നയിക്കുന്ന നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലൈന്‍സ് മുന്നണിയുടെ(എന്‍ഇഡിഎ) ഭാഗമാകാന്‍ തയാറെടുക്കുന്ന പ്രാദേശിക പാര്‍ട്ടിയാണു പിപിഎ.
അരുണാചല്‍ പ്രദേശിന്റെ താത്പര്യത്തിനു വേണ്ടി പിപിഎയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് പേമഖണ്ടു വ്യക്തിമാക്കി കഴിഞ്ഞു. എന്‍ഇഡിഎയുടെ ഭാഗമായതിനാല്‍ ആ മുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് അരുണാചലിന്റെ വികസനത്തിനു ഗുണകരമാകുന്നതെന്നു ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്- അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ചൗന മീന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞു. സര്‍ക്കാരിനു ഭരണം നഷ്ടമാകുമോ എന്ന ഭയം തീരെയില്ല. പേമ ഖണ്ഡു മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ തന്നെ തുടരും. പിപിഎ സര്‍ക്കാരാണെന്ന വ്യത്യാസം മാത്രമേ ഉള്ളെന്നും ചൗന മീന്‍ പറഞ്ഞു. പിപിഎ സര്‍ക്കാരില്‍ രണ്ട് സ്വതന്ത്രരരും ചേര്‍ന്നിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ സഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നവരാണ്.
അതേസമയം നബാം തുക്കി എന്തുകൊണ്ടാണു പിപിഎയില്‍ ചേരാത്തതെന്ന് അദ്ദേഹത്തിനു മാത്രമേ പറയാന്‍ സാധിക്കൂ എന്നും ചൗന മീന്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന കാര്യവും രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളോട് അടുത്തു നില്ക്കുക എന്ന തന്ത്രമാണ് പൊതുവേ ദുര്‍ബലരും ആശ്രിതരുമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചെയ്യാറുള്ളത്. ഒരു ടേം കഴിയുമ്പോള്‍ മാറിവരുന്ന ചെറിയ രാഷ്ട്രീയ മാറ്റം പോലും സഖ്യത്തെ ബാധിക്കുന്നതായാണു കണ്ടു വരുന്നത്. പ്രാദേശിക കക്ഷിയില്‍ ചേര്‍ന്നു കൊണ്ട് തന്റെ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുക മാത്രമാണ് തത്കാലത്തേക്കെങ്കിലും പേമഖണ്ഡുവിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു

അറുപതംഗ നിയമസഭയാണു അരുണാചല്‍ പ്രദേശിലേത്. ഇവിടെ ബിജെപിക്ക് 11 അംഗങ്ങളാണുള്ളത്. 43 പേര്‍ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പിപിഎയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത നീക്കത്തിന് തടയിടാന്‍ രണ്ട് മാസം മുന്‍പു നബാം തുക്കി മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് പേമ ഖണ്ഡുവിനെ അധികാരത്തിലേറ്റിയിരുന്നു.

Comments

comments

Categories: Slider, Top Stories