ഉത്സവ സീസണില്‍ വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ആമസോണ്‍ ഇന്ത്യ

ഉത്സവ സീസണില്‍ വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ആമസോണ്‍ ഇന്ത്യ

ബെംഗളൂരു: ആമസോണ്‍ ഇന്ത്യ ഉത്സവ സീസണോടനുബന്ധിച്ച് വില്‍പ്പനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാന്‍ ഒരുങ്ങുന്നു. ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ 120,000 വില്‍പ്പനക്കാരാണുള്ളതെന്നും ഇതില്‍ 20,000 വില്‍പ്പനക്കാര്‍ കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ വന്നവരാണെന്നും അമസോണ്‍ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ഗോപാല്‍ പിള്ള അറിയിച്ചു. 2015 അവസാനത്തോടെ വില്‍പ്പനക്കാരുടെ എണ്ണത്തില്‍ 45,000 ന്റെ വര്‍ധനവാണുണ്ടായത്. 16,000 ഓളം വില്‍പ്പനക്കാര്‍ ആമസോണ്‍.കോം, ആമസോണ്‍.ഇന്‍ എന്നിവയുമായി ബന്ധപ്പെട്ട ആഗോള പ്രോഗ്രാമില്‍ പങ്കാളികളുമാണ്.

വിപണിയിലെ ആമസോണിന്റെ പ്രധാന എതിരാളികളായ ഫ്‌ളിപ്പ്കാര്‍ട്ടും സമാനമായ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഫ്‌ളിപ്പ്കാര്‍ട്ട് ജനുവരിയിലെ 80,000 എന്നതില്‍ നിന്നും വില്‍പ്പനക്കാരുടെ എണ്ണം 95,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. വില്‍പ്പനയുടെ കാര്യത്തില്‍ സ്‌നാപ്ഡീലാണ് മൂന്നാമതായി ആമസോണിന് പിന്നില്‍ നില്‍ക്കുന്നത്. 300,000 ലധികം വില്‍പ്പനക്കാരാണ് സ്‌നാപ്ഡീലിനുള്ളത്.

ആമസോണ്‍ ഇന്ത്യ വില്‍പ്പനക്കാരുടെ ശൃംഖല വികസിപ്പിച്ചശേഷം ദിവസംതോറും 150,000 ഉല്‍പ്പന്നങ്ങളാണ് പ്ലാറ്റ്‌ഫോമിലേക്ക് പുതിയതായി കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 90,000 പുതിയ ഉല്‍പ്പന്നങ്ങളാണ് ഇത്തരത്തില്‍ പ്ലാറ്റ്‌ഫോമിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 80 ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ ഇന്ത്യയിലുള്ളത്. ആമസോണ്‍ ഫെബ്രുവരിയിലാരംഭിച്ച ആമസോണ്‍ തല്‍ക്കാല്‍ പരിപാടിയുടെ ഭാഗമായി വില്‍പ്പനക്കാര്‍ക്ക് സങ്കീര്‍ണതകളില്ലാതെ ആമസോണുമായി കരാറൊപ്പിടാന്‍ സഹായിക്കുന്ന സ്റ്റുഡിയോ-ഇന്‍-വീല്‍സുമായി കമ്പനി ഉദ്യോഗസ്ഥര്‍ 50 ഓളം നഗരങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ഈ പരിപാടിയുടെ രണ്ടാം ഘട്ടം ആരംഭിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതു കൂടാതെ വില്‍പ്പനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സെല്ലര്‍ കഫെ എന്ന പേരില്‍ ആമസോണ്‍ ആരംഭിച്ചിരിക്കുന്ന പരിപാടി 24 നഗരങ്ങളില്‍ നടപ്പിലാക്കുന്നുണ്ട്.

പ്ലാറ്റ്‌ഫോമിലെ വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വിദേശ നിക്ഷേപ മാനദണ്ഡങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ആമസോണിനെ സഹായിക്കുമെന്നാണ് കരുതുന്നത്. ഒരു വില്‍പ്പനക്കാരനെ ഒരു ഓണ്‍ലൈന്‍ വിപണിയുടെ ആകെ വില്‍പ്പനയുടെ 25 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന നടത്തുന്നതില്‍ നിന്ന് വിലക്കുന്ന ഈ മാനദണ്ഡമനുസരിച്ച് ആമസോണിന്റെ വലിയ വില്‍പ്പനക്കാരായ ക്ലൗഡ്‌ടൈല്‍ ആമസോണിലെ തങ്ങളുടെ മൊബീല്‍ഫോണ്‍ വില്‍പ്പന അവസാനിപ്പിച്ചിരുന്നു.

Comments

comments

Categories: Branding