10,000 ജോലികള്‍ ഇല്ലാതാക്കി റെയ്മണ്ട് റോബോട്ടിനെ അവതരിപ്പിക്കുന്നു: ഐടി മേഖലയെ കാത്തിരിക്കുന്നത് 10 % തൊഴില്‍ നഷ്ടം

10,000 ജോലികള്‍ ഇല്ലാതാക്കി റെയ്മണ്ട് റോബോട്ടിനെ അവതരിപ്പിക്കുന്നു:  ഐടി മേഖലയെ കാത്തിരിക്കുന്നത് 10 % തൊഴില്‍ നഷ്ടം

ചെന്നൈ: ഓട്ടോമേഷന്‍ സാങ്കേതിക വിദ്യ ഇന്ത്യയിലെ തൊഴില്‍ രംഗത്തു വരുത്തുന്ന ആദ്യത്തെ വലിയ ആഘാതത്തിന് ടെക്‌സ്‌റ്റൈല്‍ ഭീമന്‍മാരായ റെയ്മണ്ട് ചുക്കാന്‍ പിടിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോബോട്ടുകളെയും സാങ്കേതിക വിദ്യയെയും പ്രയോജനപ്പെടുത്തി 10,000ഓളം ജോലികള്‍ ഇല്ലാതാക്കാനാണ് റെയ്മണ്ട് ലക്ഷ്യമിടുന്നത്.

നിലവില്‍ 30,000 ജോലിക്കാരാണ് രാജ്യത്താകെയുള്ള 16 നിര്‍മാണ പ്ലാന്റുകളിലായി റെയ്മണ്ടിനുള്ളത്. സാങ്കേതിക നവീകരണത്തിലൂടെ ഇത് 20,000 ആക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റെയ്മണ്ട് സിഇഒ സഞ്ജയ് ബെഹ്ല്‍ പറയുന്നു. ഒരു റോബോട്ടിന് 100 ജീവനക്കാര്‍ക്കു പകരമാകാന്‍ കഴിയും. ഇത് ചൈനയില്‍ നിലവില്‍ സംഭവിക്കുന്നുണ്ട്. ഇന്ത്യയിലും ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വസ്ത്ര നിര്‍മാണ മേഖല മനുഷ്യ വിഭവശേഷി ഏറെ ആവശ്യമുള്ളതാണ്. ഇതില്‍ സാങ്കേതിക വിദ്യ ഏതുതരത്തില്‍ പ്രയോഗിക്കണമെന്ന കാര്യത്തില്‍ റെയ്മണ്ടിന്റെ സാങ്കേതിക വിഭാഗം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോര്‍പ്പറേറ്റ് ലോകത്തെ ഓട്ടോമേഷന്‍ പ്രവര്‍ത്തനങ്ങളെ ജാഗ്രതയോടെയാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. സമീപ ഭാവിയില്‍ തന്നെ ഇന്ത്യയിലെ ഐടി മേഖലയില്‍ 10 ശതമാനം തൊഴിലവസരങ്ങള്‍ നഷ്ടമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഐടി മേഖലയില്‍ വലിയ വൈദഗ്ധ്യം ആവശ്യമില്ലാത്ത 6.4 ലക്ഷം ജോലികള്‍ ഓട്ടോമേഷനിലേക്ക് മാറ്റപ്പെടുമെന്നാണ് യുഎസ് ആസ്ഥാനമായ ഒരു ഗവേഷണ സ്ഥാപനം അടുത്തിടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ സേവന മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ് ഐടി രംഗം.
എന്നാല്‍ പ്രോസസിംഗ് അടിസ്ഥാനമായ വലിയ വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിലെ അവസരങ്ങള്‍ വര്‍ധിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 56 ശതമാനം വളര്‍ച്ചയാണ് ഇത്തരം തൊഴിലുകളില്‍ പ്രതീക്ഷിക്കുന്നത്. ഡാറ്റ, അനലിറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, മൊബിലിറ്റി, ഡിസൈന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ ആവശ്യകതയും ഉയര്‍ന്ന വേതനവും ഇനി ലഭ്യമാവുക.

Comments

comments

Categories: Slider, Top Stories