2025ല്‍ 81 ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കാന്‍ ആമസോണ്‍ഇന്ത്യ; ഫ്‌ളിപ്കാര്‍ട്ടിനെ മറികടക്കാന്‍ അപ്പോഴും ആകില്ല

2025ല്‍ 81 ബില്യണ്‍ ഡോളര്‍ വില്‍പ്പന കൈവരിക്കാന്‍ ആമസോണ്‍ഇന്ത്യ;  ഫ്‌ളിപ്കാര്‍ട്ടിനെ മറികടക്കാന്‍ അപ്പോഴും ആകില്ല

 

ബെംഗലൂരു: 2025 ഓടെ അമേരിക്കന്‍ ഇ കോമേഴ്‌സ് കമ്പനിയായ ആമസോണിന്റെ ആഗോള വില്‍പ്പനയുടെ അഞ്ചിലൊരു ഭാഗം ഇന്ത്യയിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. അതായത് ഇന്ത്യയില്‍നിന്ന് 81 ബില്യണ്‍ ഡോളര്‍ ഗ്രോസ് മെര്‍ക്കന്‍ഡൈല്‍ വാല്യു (ജിഎംവി)വും 2.2 ബില്യണ്‍ ഡോളറിന്റെ ലാഭവും ആമസോണ്‍ വാര്‍ഷികാടിസ്ഥാനത്തില്‍ കരസ്ഥമാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക മെറില്‍ ലിഞ്ചിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, സ്വന്തം നാട് കഴിഞ്ഞാല്‍ ആമസോണിന്റെ അടുത്ത വലിയ വിപണി ഇന്ത്യയായിരിക്കും. ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് പ്രത്യേക വിപണിയില്‍ നിശ്ചിത കാലയളവില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ ആകെ വില ഡോളര്‍ മൂല്യത്തില്‍ കണക്കാക്കുന്നതാണ് ഗ്രോസ് മെര്‍ക്കന്‍ഡൈല്‍ വാല്യു (ജിഎംവി).

എന്നാല്‍ അപ്പോഴും ബെംഗലൂരു ആസ്ഥാനമായ ഫ്‌ളിപ്കാര്‍ട്ട് തന്നെയായിരിക്കും ഇന്ത്യന്‍ ഇ കോമേഴ്‌സ് രംഗത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആമസോണിന്റെ വിപണിവിഹിതം 2015 ലെ 21 ശതമാനത്തില്‍നിന്ന് 2019 ഓടെ 37 ശതമാനമായി ഉയരുമെന്നും ഫ്‌ളിപ്കാര്‍ട്ടിന്റെ 44 ശതമാനം വിപണി വിഹിതത്തിന്റെ അടുത്തെത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം സ്‌നാപ്ഡീലിന്റെ വിപണിവിഹിതം 2015 ലെ 14 ശതമാനത്തില്‍നിന്ന് 2019ഓടെ ഒമ്പത് ശതമാനമായി കുറയും.

നിലവിലെ കണക്കുപ്രകാരം ആമസോണിന് ഇന്ത്യയില്‍ ഓരോ വര്‍ഷവും 0.5 ബില്യണ്‍ ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ നഷ്ടപ്പെടുകയാണ്. ഇന്ത്യയില്‍നിന്നുള്ള ആമസോണിന്റെ വരുമാനം ഇപ്പോള്‍ വളരെ ചെറുതാണ്. എന്നാല്‍ 2025 ഓടെ ആമസോണ്‍ ഇന്ത്യയ്ക്ക് 81 ബില്യണ്‍ ഡോളറിന്റെ ജിഎംവിയും ( ആകെ അന്താരാഷ്ട്ര ജിഎംവിയുടെ 20 ശതമാനം ) 2.2 ബില്യണ്‍ ഡോളറിന്റെ ലാഭവും കൈവരിക്കാന്‍ കഴിയുമെന്ന് ജസ്റ്റിന്‍ പോസ്റ്റ്, സച്ചിന്‍ സാല്‍ഗോങ്കര്‍, അക്ഷയ് ഭാട്ടിയ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2020 ഓടെ ആമസോണ്‍ ഇന്ത്യ 23.7 ബില്യണ്‍ ഡോളറിന്റെ ജിഎംവിയും 2.6 ബില്യണ്‍ ഡോളറിന്റെ വരുമാനവും നേടും. ഇന്ത്യയിലെ നിക്ഷേപം രണ്ട് ബില്യണ്‍ ഡോളറില്‍നിന്ന് അഞ്ച് ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ജൂണില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന യൂണിറ്റായ ആമസോണ്‍ സെല്ലര്‍ സര്‍വീസസില്‍ ഇതുവരെ 9,600 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇത് 16,000 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ മാര്‍ച്ച് മാസത്തില്‍ ആമസോണ്‍ നിശ്ചയിച്ചിരുന്നു. കസ്റ്റമര്‍ സര്‍വീസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ആമസോണ്‍ ഇപ്പോള്‍ ഇന്ത്യ കീഴടക്കാനൊരുങ്ങുന്നത്.

ജൂലൈയില്‍ ആമസോണ്‍ ഇന്ത്യയില്‍ അതിന്റെ പ്രൈം സര്‍വീസ് ആരംഭിച്ചിരുന്നു. പ്രൈം വീഡിയോ ഇന്ത്യയില്‍ വേഗം തന്നെ തുടങ്ങിയേക്കും. ഡെലിവറികള്‍ സുഗമമാക്കുന്നതിന് ആമസോണ്‍ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിച്ചുകഴിഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആമസോണിന് രാജ്യത്ത് 7.5 മില്യണ്‍ ക്യൂബിക് അടി വിസ്തൃതിയില്‍ സ്‌റ്റോറേജ് ശേഷിയുണ്ടാകും. ഇത് ഓര്‍ഡറുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് കമ്പനിയെ സഹായിക്കും. നിലവില്‍ ആമസോണിന് രാജ്യത്തെ 50 നഗരങ്ങളിലായി 12,500 ഐഎച്ച്‌സ് സെന്ററുകളുണ്ട്.

Comments

comments

Categories: Slider, Top Stories