റിയോ ഒളിംപിക്‌സ്: കൂടുതല്‍ പണം മുടക്കിയവര്‍ മോശം പ്രകടനം നടത്തി-കായിക മന്ത്രാലയം

റിയോ ഒളിംപിക്‌സ്: കൂടുതല്‍ പണം മുടക്കിയവര്‍ മോശം പ്രകടനം നടത്തി-കായിക മന്ത്രാലയം

ന്യൂഡെല്‍ഹി: കായിക പരിശീലനത്തിനായി കൂടുതല്‍ പണം ചെലവഴിച്ച താരങ്ങളാണ് റിയോ ഒളിംപിക്‌സില്‍ മോശം പ്രകടനം കാഴ്ചവെച്ചതെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക സംഘത്തിന്റെ നിരാശാജനകമായ പ്രകടനം വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

റിയോ ഒളിംപിക്‌സില്‍ സാന്നിധ്യമറിയിച്ച 117 കായിക താരങ്ങളുടെ പരിശീലനത്തിനായി 36.85 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മുടക്കിയത്. അതില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് ഷൂട്ടിംഗ് സംഘത്തിന് വേണ്ടിയായിരുന്നു. 15.39 കോടി രൂപ. അത്‌ലിറ്റുകളായ എം ആര്‍ പൂവമ്മ, അശ്വിനി അകുഞ്ജി, അനില്‍ഡ തോമസ്, ടിന്റു ലൂക്ക എന്നിവര്‍ യഥാക്രമം 92.43, 53.59, 39, 23.45 ലക്ഷം രൂപ വീതമാണ് ചെലവിട്ടത്.
ബാഡ്മിന്റണ്‍ വിഭാഗത്തിന് അനുവദിക്കപ്പെട്ട 3.84 കോടി രൂപയില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ച പി വി സിന്ധുവും ഗുസ്തിക്കായി മാറ്റിവെച്ച ആകെ തുകയായ 2.5 കോടിയില്‍ നിന്നും 15 ലക്ഷം രൂപ മാത്രം മുടക്കിയ സാക്ഷി മാലിക്കുമാണ് ഇന്ത്യക്ക് ഒളിംപിക് മെഡല്‍ സമ്മാനിച്ചത്. ഇന്ത്യന്‍ വനിതാ റിലേ ടീമിന്റെ പരിശീലനത്തിനായി ചെലവിട്ടത് മൂന്ന് കോടി രൂപയായിരുന്നു.
ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദിപ കര്‍മാകര്‍ക്ക് വേണ്ടി മുടക്കിയത് 12.98 ലക്ഷം രൂപയായിരുന്നു. അതേസമയം ഹോക്കി, ടെന്നീസ്, ആര്‍ച്ചറി വിഭാഗങ്ങള്‍ക്കായി 1.16, 1.92, 1.27 കോടി രൂപ വീതവും ചെലവഴിച്ചു. ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡയ്ക്ക് നല്‍കിയത് ഒരു കോടി രൂപയില്‍ കൂടുതലായിരുന്നു. മൂന്ന് ലക്ഷം രൂപ വീതം കായിക താരങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ക്കായും അനുവദിച്ചിരുന്നു.

Comments

comments

Categories: Sports