വൗ…റിങ്ക!

വൗ…റിങ്ക!

 

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം സ്വിറ്റ്‌സര്‍ലാന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്ക്ക്. ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നാല് സെറ്റ് നീണ്ട മത്സരത്തില്‍ തകര്‍ത്താണ് മൂന്നാം സീഡായ വാവ്‌റിങ്ക കിരീടം സ്വന്തമാക്കിയത്. നാല് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ 7-6, 4-6, 5-7, 3-6 സ്‌കോറുകള്‍ക്കായിരുന്നു വാവ്‌റിങ്കയുടെ ജയം.
വാവ്‌റിങ്കയുടെ കരിയറിലെ ആദ്യ യുഎസ് ഓപ്പണ്‍ കിരീടവും മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം നേട്ടവുമായിരുന്നു ഇത്. 2014ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ വാവ്‌റിങ്ക കഴിഞ്ഞ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനെ തകര്‍ത്തായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്. ആറാം സീഡായ ജപ്പാന്‍ താരം കെയ് നിഷികോരിയെ മറികടന്നായിരുന്നു വാവ്‌റിങ്ക യുഎസ് ഓപ്പണ്‍ ഫൈനലിലെത്തിയത്.
ആദ്യ സെറ്റ് ജോക്കോവിച്ച് നേടിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ അദ്ദേഹത്തിന് പിഴയ്ക്കുകയായിരുന്നു. ടൂര്‍ണമെന്റിലുടനീളം പരിക്ക് അലട്ടിയതും 29-കാരനായ സെര്‍ബിയന്‍ താരത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു. 2011, 2015 സീസണുകളിലെ യുഎസ് ഓപ്പണ്‍ ജേതാവായ ജോക്കോവിച്ച് ഈ സീസണിലെ മൂന്നാം ഗ്രാന്‍ഡ് സ്ലാമും കരിയറിലെ 13-ാം ഗ്രാന്‍ഡ് സ്ലാം കിരീടവും ലക്ഷ്യമിട്ടായിരുന്നു കോര്‍ട്ടിലിറങ്ങിയത്.
കഴിഞ്ഞ 46 വര്‍ഷത്തെ ടെന്നീസ് ചരിത്രത്തില്‍ യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയാണ് 31-കാരനായ വാവ്‌റിങ്ക. 1970ല്‍ 35-ാം വയസില്‍ കിരീടം സ്വന്തമാക്കിയ കെന്‍ റോസ്‌വെല്ലിന്റെ പേരിലാണ് യുഎസ് ഓപ്പണിലെ നിലവിലെ പ്രായ റെക്കോര്‍ഡ്. 2002ല്‍ 30-ാം വയസില്‍ കിരീടം നേടിയ പീറ്റ് സാമ്പ്രാസാണ് യുഎസ് ഓപ്പണിലെ പ്രായമേറിയ മറ്റൊരു ജേതാവ്.

Comments

comments

Categories: Slider, Sports