കോള്‍ഡ്രോപ്: റിലയന്‍സ് ജിയോ മറ്റ് സേവന ദാതാക്കളുമായി ചര്‍ച്ച നടത്തും

കോള്‍ഡ്രോപ്:  റിലയന്‍സ് ജിയോ മറ്റ് സേവന ദാതാക്കളുമായി ചര്‍ച്ച നടത്തും

 

കൊല്‍ക്കത്ത/ന്യൂ ഡെല്‍ഹി : കൂടുതല്‍ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ക്കായി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ സേവന ദാതാക്കളുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തും. വ്യാവസായിക അവതരണം നടപ്പാക്കിയതോടെ ജിയോയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് കോള്‍ ഡ്രോപ് പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികളുമായി ഈയാഴ്ച തന്നെ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് റിലയന്‍സ് ജിയോ ഒരുങ്ങുന്നത്.
എന്നാല്‍ ജിയായുടെ വരവോടെ വിപണിയില്‍ പ്രതിസന്ധി നേരിടുമെന്ന് കരുതുന്ന ടെലികോം വമ്പന്‍മാര്‍ കടുത്ത വിലപേശല്‍ നടത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മൊബീല്‍ ടെര്‍മിനേഷന്‍ ചാര്‍ജ് ട്രായ് നിര്‍ദേശിച്ച മിനിറ്റിന് പതിനാല് പൈസ എന്ന നിരക്കിനേക്കാള്‍ കൂടുതല്‍ നല്‍കണമെന്ന് മൂന്നു കമ്പനികളും റിലയന്‍സ് ജിയോയോട് ആവശ്യപ്പെടും.

മറ്റ് കമ്പനികളുടെ നമ്പറില്‍ നിന്ന് ജിയോയിലേക്ക് പോര്‍ട്ട് ചെയ്ത ഉപഭോക്താക്കളാണ് ഇപ്പോള്‍ കൂടുതലായും ഡാറ്റാ വേഗവും കോള്‍ ഡ്രോപും സംബന്ധിച്ച പരാതികള്‍ ഉന്നയിക്കുന്നത്. ജിയോ സിമ്മില്‍ നിന്ന് മറ്റ് സിമ്മിലേക്കുള്ള ഫോണ്‍ വിളികള്‍ തടസപ്പെടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിട്ടുമുണ്ട്.

മൂന്ന് ടെലികോം കമ്പനികളില്‍നിന്നും അധികമായി 6,500 മുതല്‍ 7,000 വരെ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ ഉടനെത്തന്നെ ആവശ്യപ്പെടാനാണ് റിലയന്‍സ് ജിയോ തയാറെടുക്കുന്നത്. ഇന്റര്‍ കണക്ഷന്‍ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാന്‍ റിലയന്‍സ് ജിയോയോടും മറ്റ് മൂന്ന് സേവന ദാതാക്കളോടും കഴിഞ്ഞയാഴ്ച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദേശിച്ചിരുന്നു. സേവനത്തിന്റെ നിലവാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തങ്ങള്‍ ഇടപെടുമെന്ന് ട്രായ് മുന്നറിയിപ്പും നല്‍കി. എന്നാല്‍ റിലയന്‍സിന് കൂടുതല്‍ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ നല്‍കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത് റിലയന്‍സിന്റെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കില്ലെന്നുമാണ് മൂന്ന് സേവന ദാതാക്കളും വ്യക്തമാക്കുന്നത്.

Comments

comments

Categories: Slider, Top Stories