സുരക്ഷാ പ്രശ്‌നം: മോര്‍ഗനും ഹെയ്ല്‍സും ബംഗ്ലാദേശ് പര്യടനത്തിനില്ല

സുരക്ഷാ പ്രശ്‌നം: മോര്‍ഗനും ഹെയ്ല്‍സും ബംഗ്ലാദേശ് പര്യടനത്തിനില്ല

ലണ്ടന്‍: അടുത്ത മാസം നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗനും ഓപ്പണിംഗ് ബാറ്റ്‌സ്മാനായ അലക്‌സ് ഹെയ്ല്‍സും പിന്മാറി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങളെ ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഇരുവരും സെലക്ഷന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്.

ഇയാന്‍ മോര്‍ഗന്‍ വിട്ടുനില്‍ക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറാകും ബംഗ്ലാദേശ് പര്യടനത്തിലുള്ള ഇംഗ്ലണ്ട് ടീമിനെ നയിക്കുക. മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മില്‍ നിശ്ചയിച്ചിരിക്കുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് മോര്‍ഗനും ഹെയ്ല്‍സും പിന്മാറുന്നതായി അറിയിച്ചത്.

ടീമിലെ പ്രമുഖ താരങ്ങളുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും എന്നാല്‍ കളിക്കാരുടെ അഭിപ്രായം മാനിക്കുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായ ആന്‍ഡ്ര്യൂ സ്‌ട്രോസ് പറഞ്ഞു. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസമെന്നും ഇക്കാര്യം കൡക്കാരുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ച അദ്ദേഹം കൂടുതല്‍ കളിക്കാര്‍ പരമ്പരയില്‍ നിന്നും പിന്മാറില്ലെന്ന് കരുതുന്നുവെന്നും വ്യക്തമാക്കി.

പരമ്പരയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള മോര്‍ഗന്റെയും ഹെയ്ല്‍സിന്റെയും തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റന്മാരായ മൈക്കല്‍ വോഗനും നാസര്‍ ഹുസൈനും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സ്റ്റുവാര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, ക്രിസ് ജോര്‍ദാന്‍, ലിയാം ഡേവ്‌സണ്‍ എന്നിവര്‍ പര്യടനത്തിന് തയാറാണെന്ന് അറിയിച്ചു.

ബംഗ്ലാദേശില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ ഭീകരാക്രമണമാണ് കളിക്കാരുടെ ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍ സ്പിന്‍ ബൗളിംഗിനെ ഭയക്കുന്നതിനാലാണ് ഹെയ്ല്‍സും മോര്‍ഗനും പര്യടനത്തില്‍ നിന്നും മാറിനില്‍ക്കുന്നതെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ വാദം. ഈ മാസം 29-നാണ് ഇംഗ്ലണ്ട് ടീം ബംഗ്ലാദേശിലേക്ക് പുറപ്പെടാനിരിക്കുന്നത്.

Comments

comments

Categories: Sports