ലയനവും ഏറ്റെടുക്കലുകളും, ഇന്ത്യന്‍ വിപണി മുന്നില്‍

ലയനവും ഏറ്റെടുക്കലുകളും, ഇന്ത്യന്‍ വിപണി മുന്നില്‍

ന്യുഡെല്‍ഹി: ഏഷ്യ-പസഫിക് മേഖലയിലെ ആകര്‍ഷകമായ നിക്ഷേപ വിപണിയായി ഇന്ത്യ മാറുന്നുവെന്ന് പഠനം. ഈ മേഖലയില്‍ കൂടുതല്‍ ലയനങ്ങളും ഏറ്റെടുക്കലുകളും നടക്കുന്ന വിപണികളില്‍ ഇന്ത്യ വളരെ മുന്നിലാണെന്നാണ് കോര്‍പ്പറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് കണ്‍സള്‍ട്ടിങ് സ്ഥാപനമായ കറോളിന്റെ പഠനം. 2011 മുതല്‍ ഇന്ത്യയുടെ വിദേശ പണമിടപാടുകള്‍ വര്‍ധിച്ചിട്ടുണ്ട്. ചൈനയെയും പിന്തള്ളികൊണ്ട് ആഗോളതലത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണ്.

2015 ല്‍ ഏറ്റെടുക്കല്‍, ലയനം എന്നിവയുമായി ബന്ധപ്പെട്ട 227 ഇടപാടുകളില്‍ നിന്നായി 19.6 ദശലക്ഷം ഡോളറാണ് രാജ്യം സമാഹരിച്ചത്.

ഇക്കാലയളവില്‍ യുഎസിന്റെ വിദേശത്തേക്കുള്ള ആകെ ലയന, ഏറ്റെടുക്കല്‍ ഇടപാടുകളുടെ ആറു ശതമാനവും ആകര്‍ഷിച്ചത് ഇന്ത്യയായിരുന്നു. ഈ വര്‍ഷും യുഎസ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ പ്രധാന സ്ഥാനത്ത് തുടരുന്നുണ്ട്. 27 ഇടപാടുകളിലായി 3.1 ബില്ല്യണ്‍ ഡോളറാണ് യുഎസില്‍ നിന്ന് ഇന്ത്യ നേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 13 ഇടപാടുകളിലായി 1.3 ബില്ല്യണ്‍ ഡോളര്‍ മാത്രമാണ് ചൈനയ്ക്കു നേടാനായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ യുഎസ,് യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നവരില്‍ പ്രമുഖര്‍.

ഇന്ത്യയിലെ നിക്ഷേപക അവസരങ്ങളെപ്പറ്റിയുള്ള വിദേശ നിക്ഷേപകരുടെ പൊതുവികാരം വളരെ ശക്തമാണ്, ഭാവിയിലും ഇതേ സമീപനം തുടരുമെന്നാണ് സൂചനയെന്നും കറോള്‍ ദക്ഷിണേഷ്യ മേധാവി രശ്മി ഖുറാന അഭിപ്രായപ്പെട്ടു. രാജ്യം സേവനമേഖലയിലധിഷ്ഠിതമായ വളര്‍ച്ചയില്‍ നിന്ന് കയറ്റുമതി ലക്ഷ്യം വെച്ചുള്ള ഉല്‍പ്പാദന മേഖലയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്, നിക്ഷേപം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവിധ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്, രാജ്യത്ത് നിലവിലുള്ള ഉദ്യോഗസ്ഥ തലത്തിലെ കാലതാമസം കൂടി ഇല്ലായ്മ ചെയ്യുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഇനിയും കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാനാകുമെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Business & Economy