തുടര്‍ച്ചയായ രണ്ടാംമാസത്തിലും ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്നു; നേട്ടമായത് ത്രിദിന ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍

തുടര്‍ച്ചയായ രണ്ടാംമാസത്തിലും ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്നു; നേട്ടമായത് ത്രിദിന ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയുടെ ഭാവി എങ്ങോട്ടാണെന്ന കൃത്യമായ സൂചന നല്‍കി തുടര്‍ച്ചയായ രണ്ടാം മാസവും ആമസോണ്‍ വില്‍പ്പനയില്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്നു. ഫെസ്റ്റിവല്‍ സീസണിനു മുന്നോടിയായി പുറത്തുവന്ന കണക്കുകള്‍ ഫ്‌ളിപ്കാര്‍ട്ടിനെ ആശങ്കയിലാക്കുന്നതാണ്. ഓഗസ്റ്റില്‍ ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലൂടെ നടന്ന മൊത്തവില്‍പ്പന 2100കോടിയുടേതാണെന്നാണ് കണക്കാക്കുന്നത്. ആമസോണിന്റെ ഓഗസ്റ്റിലെ രാജ്യത്തെ വില്‍പ്പന ഇതിനേക്കാള്‍ അല്‍പ്പം കൂടുതലാണെന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മിന്ത്ര, ജബോംഗ് തുടങ്ങിയ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ വില്‍പ്പന കൂടി കണക്കിലെടുത്താല്‍ ഇപ്പോഴും ഫ്‌ളിപ്കാര്‍ട്ട് തന്നെയാണ് ഇന്ത്യയില്‍ ആമസോണിനേക്കാള്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഇ കൊമേഴ്‌സ് സ്ഥാപനം. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടിന് ഭാവി അത്ര സുരക്ഷിതമെന്നു കരുതി വിശ്രമിക്കാനാകില്ലെന്ന ശക്തമായ സന്ദേശം തന്നെയാണ് ആമസോണിന്റെ മല്‍സരം നല്‍കുന്നത്. ജൂലൈയിലാണ് ആദ്യമായി ഇന്ത്യയിലെ വില്‍പ്പനയില്‍ ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ മറികടന്നത്. ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ എന്ന പേരില്‍ വ്യാപകമായി പരസ്യം നല്‍കി സംഘടിപ്പിച്ച മൂന്നു ദിവസത്തെ പ്രത്യേക വില്‍പ്പനയാണ് തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഈ മേല്‍ക്കൈ നിലനിര്‍ത്താന്‍ ആമസോണിന് സഹായകമായത്. വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കി നല്‍കിയ ഈ മൂന്നുദിവസങ്ങളിലും ശരാശരി ഒരു ദിവസം ലഭിക്കുന്നതിന്റെ മൂന്നിരട്ടിയോളം വില്‍പ്പനയാണ് ലഭിച്ചത്.
സാമ്പത്തിക കാര്യങ്ങളുമായി പരസ്യമായ പങ്കുവെക്കലിന് ഇപ്പോള്‍ തയാറല്ലെന്നാണ് പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ആമസോണ്‍ വക്താക്കള്‍ പ്രതികരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. കുറേമാസങ്ങളിലെ മാന്ദ്യത്തിനു ഷേം കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മൊത്തം ഇ കൊമേഴ്‌സ് വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഉല്‍സവ സീസണ്‍ സംബന്ധിച്ച് കമ്പനികള്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്‌റ്റോബറില്‍ നടക്കുന്ന വാര്‍ഷിക വില്‍പ്പനയിലാണ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ട് ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഇത് വന്‍നേട്ടമാക്കി മാറ്റിയാല്‍ വില്‍പ്പനയില്‍ കൂടുതല്‍ മുന്നോട്ടുപോകുന്നതിന് അത് ഫ്‌ളിപ്കാര്‍ട്ടിനെ സഹായിക്കുമെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.

Comments

comments

Categories: Slider, Top Stories