ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലൈസസ്റ്ററിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ലൈസസ്റ്ററിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

 

ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലൈസസ്റ്റര്‍ സിറ്റിക്കെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ കഴിഞ്ഞ സീസണിലെ കിരീട ജേതാക്കളായ ലൈസസ്റ്ററിനെ തകര്‍ത്തത്.
ലിവര്‍പൂളിനായി റോബര്‍ട്ടോ ഫിര്‍മിനോ രണ്ട് തവണ വല കുലുക്കിയപ്പോള്‍ സാഡിയോ മനെ ആദം ലല്ലാന എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്വന്തമാക്കി. സൂപ്പര്‍ താരമായ ജയ്മി വാര്‍ഡിയാണ് ലൈസസ്റ്ററിന്റെ ആശ്വാസ ഗോള്‍ നേടിയത്.
പരിശീലകനായ യോര്‍ഗന്‍ ക്ലോപ്പിന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് ഗോള്‍ സ്‌കോറര്‍മാര്‍ക്കൊപ്പം ഡാനിയല്‍ സ്റ്ററിഡ്ജും കളം നിറഞ്ഞാടിയ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ലിവര്‍പൂളായിരുന്നു.
പതിമൂന്നാം മിനുറ്റില്‍ ഫിര്‍മിനോയിലൂടെയായിരുന്നു ലിവര്‍പൂളിന്റെ ആദ്യ ഗോള്‍. ജയിംസ് മില്‍നര്‍ നല്‍കിയ പാസ് ലൈസസ്റ്റര്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് ഫിര്‍മിനോ ഗോളിലേക്ക് നിറയൊഴിക്കുകയായിരുന്നു.
സ്റ്ററിഡ്ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ മുന്നേറ്റത്തിന്റെ ഫലമായി മുപ്പത്തിയൊന്നാം മിനുറ്റിലായിരുന്നു ലൈസസ്റ്റര്‍ ഗോള്‍കീപ്പര്‍ കാസ്പറെയെ കാഴ്ചക്കാരനാക്കിയ സാഡിയോ മനെയുടെ ഗോള്‍.
കളിയുടെ ഒരവസരത്തിലും മികച്ച മുന്നേറ്റം നടത്താന്‍ കഴിയാതിരുന്ന നിലവിലെ ചാമ്പ്യന്മാര്‍ക്ക് വേണ്ടി ലിവര്‍പൂള്‍ താരം ലൂക്കാസ് ലെയ്‌വയ്ക്ക് പറ്റിയ പിഴവ് മുതലെടുത്തായിരുന്നു ജയ്മി വാര്‍ഡി ഏക ഗോള്‍ നേടിയത്.
എന്‍ഗോളോ കാന്റെയുടെ അഭാവം നികത്തുന്നതിനായി ലൈസസ്റ്ററിലെത്തിയ ഡാനിയല്‍ അമാര്‍തേയ്ക്ക് മികച്ച കളി പുറത്തെടുക്കാനാകാതിരുന്നതും റാനിയേരി പരിശീലകനായ ടീമിന് തിരിച്ചടിയായി.
രണ്ടാം ഡിവിഷനില്‍ നിന്നും പ്രമോഷനോടെയെത്തി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ ലൈസസ്റ്ററിന് കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനം ഇത്തവണ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഈ സീസണിലെ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും അവര്‍ തോല്‍വി വഴങ്ങി.

Comments

comments

Categories: Sports