ഇന്റെല്‍ ‘ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചാലഞ്ച് 2.0’ ആരംഭിച്ചു

ഇന്റെല്‍ ‘ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചാലഞ്ച് 2.0’ ആരംഭിച്ചു

ഹൈദരാബാദ്: രാജ്യത്തെ താഴെത്തട്ടില്‍ നിന്നുള്ള കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി ചിപ് നിര്‍മാണ രംഗത്തെ പ്രമുഖരായ ഇന്റെല്‍ ഇന്ത്യ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിഎസ്ടി)യുമായി ചേര്‍ന്ന് ‘ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചാലഞ്ച് 2.0’ ആരംഭിച്ചു.

മൈഗവ് (MyGov), ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി-ഹബ്ബ് ഫൗണ്ടേഷന്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്നൊവേറ്റേഴ്‌സും നിര്‍മാതാക്കളും പരിപാടിയില്‍ പങ്കെടുക്കും. ഇന്റെല്‍ ആര്‍ക്കിടെക്ച്ചര്‍ (ഐഎ) വഴി ഡിജിറ്റൈസേഷന്‍ ത്വരിതപ്പെടുത്തുന്നതിനും, വാണിജ്യാടിസ്ഥാനത്തില്‍ പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനും സൊലൂഷന്‍ കണ്ടെത്തുകയാണ് ഈ വര്‍ഷത്തെ ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ ഇന്നൊവേഷന്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ചാലഞ്ചിലെ ഇന്റെല്‍ ഇന്ത്യ, മൈഗവ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം, ടി-ഹബ്ബ് തുടങ്ങിയ പൊതു-സ്വകാര്യപങ്കാളിത്തം ആവേശം പകരുന്നതാണെന്ന് തെലങ്കാന ഐടി മന്ത്രി കെ ടി രാമ റാവു പറഞ്ഞു. ഈ വര്‍ഷം അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ഇന്നൊവേഷന്‍ ചാലഞ്ച് നടക്കുന്നത്. അഞ്ചാം ഘട്ടം 2017 ഏപ്രിലിലായിരിക്കും നടക്കുക.

പരിപാടിയില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ടീമിനും ഇന്റെല്‍ ആര്‍കിടെക്ച്ചറില്‍ അധിഷ്ഠിതമായി വിജയ സാധ്യതയുള്ള കുറച്ച് ഉല്‍പ്പന്നങ്ങള്‍ (എംവിപി പ്രൊഡക്ട്‌സ്) നിര്‍മിക്കുന്നതിന് മൂന്ന് ലക്ഷം രൂപ ധനസഹായവും ലഭ്യമാക്കും. ഹൈദരാബാദ് ടി-ഹബ്ബ് ഇന്‍ക്യുബേറ്ററിലെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലാണ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുക. ഇതില്‍ വിജയികളാകുന്ന ടീമിന് അവരുടെ പ്രൊജക്ട് വിപുലീകരണത്തിനായി 20 ലക്ഷം രൂപയും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കും, സംരംഭകര്‍ക്കും, ഇന്നൊവേറ്റേഴ്‌സിനും വേണ്ടി രാജ്യത്ത് ടെക്‌നോളജി ഇന്നൊവേഷന്‍ നടപ്പിലാക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ഇന്റെല്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ചാലഞ്ചില്‍ തെരഞ്ഞെടുക്കപ്പെട്ട ആറ് ആശയങ്ങള്‍ ഇതിനോടകം തന്നെ പ്രാവര്‍ത്തികമാക്കിയെന്നും, ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ ഈ സൊലൂഷന്‍സ് ലഭ്യമാക്കിയിട്ടുണ്ടെന്നും മൈഗവ് സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു. ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായുള്ള ഒരു പ്രധാനഘടകമാണ് ഇന്നൊവേഷന്‍. രാജ്യം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സുസ്ഥിരവും പ്രാദേശികവുമായ ഇന്നൊവേഷന്‍ അന്തരീക്ഷം ഇവിടെ ആവശ്യമാണെന്നും ഇന്റെല്‍ സൗത്ത് ഏഷ്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടറും ഉപാധ്യക്ഷനുമായ ദേബ്ജനി ഗോഷ് പറയുന്നു.

Comments

comments

Categories: Branding