ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാല്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കും: അഫ്ഗാനിസ്ഥാന്‍

ഇന്ത്യയിലേക്കുള്ള ചരക്കുനീക്കം തടഞ്ഞാല്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കും: അഫ്ഗാനിസ്ഥാന്‍

ന്യൂഡെല്‍ഹി: വാഗാ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് തടസം നിന്നാല്‍ പാക്കിസ്ഥാന്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്‍ വഴി മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ ചരക്കു നീക്കം തടഞ്ഞുകൊണ്ട് മറുപടി നല്‍കുമെന്ന് ഗനി വ്യക്തമാക്കി. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാഷ്ട്രങ്ങളിലേക്കുള്ള ബ്രിട്ടന്റെ നയതന്ത്ര പ്രതിനിധി ഓവന്‍ ജെന്‍കിന്‍സുമായുള്ള കൂടിക്കാഴ്ചയിലാണ് അഫ്ഗാന്‍ പ്രസിഡന്റ് ഇക്കാര്യത്തിലെ നയം വ്യക്തമാക്കിയത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട ഗനിയുടെ പ്രസ്താവന അഫ്ഗാന്‍ പ്രഡിഡന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

നിലവില്‍ വാഗാ അതിര്‍ത്തിയില്‍ എത്തിക്കുന്ന ഇന്ത്യയിലേക്കുള്ള ചരക്കുകള്‍ മറ്റു വാഹനങ്ങളിലൂടെയാണ് ഇന്ത്യ-പാക്ക് അതിര്‍ത്തിയിലെ അട്ടാരിയിലേക്കെത്തിക്കുന്നത്. ഇത് ചരക്കു നീക്കത്തിന്റെ ചെലവു വര്‍ധിപ്പിക്കുന്നതിനാല്‍ വാഗാ അതിര്‍ത്തിയിലൂടെ നേരിട്ടുള്ള ചരക്കു നീക്കത്തിന് അനുവദിക്കണമെന്ന് അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നുണ്ട്.

അഫ്ഗാനിലെ പഴവര്‍ഗങ്ങള്‍ പ്രധാനമായും കയറ്റി അയക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. അഫ്ഗാനില്‍ നിന്നുള്ള പഴം ഇറക്കുമതിക്ക് നികുതി ചുമത്തില്ലെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഗനി വ്യക്തമാക്കുന്നു. എന്നാല്‍ സീസണ്‍ കാലഘട്ടത്തില്‍ പോലും പാക്കിസ്ഥാന്റെ ഇടപെടല്‍ മൂലം ചരക്കു നീക്കം തടസപ്പെടുന്നതിലൂടെ വന്‍ നഷ്ടമാണ് അഫ്ഗാനിസ്ഥാന് ഉണ്ടാകുന്നത്. വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ വ്യാപാരതലത്തില്‍ വര്‍ധിച്ചുവരുന്ന സഹകരണം തടസപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാ രാജ്യങ്ങളും പിന്തിരിയണമെന്നാണ് ഗനി ആവശ്യപ്പെടുന്നത്.

Comments

comments

Categories: Slider, World