പിഎഫ് പലിശ കുറയ്ക്കാന്‍ നീക്കം: പലിശ നിരക്ക് 8.6 % ആയി നിജപ്പെടുത്തും

പിഎഫ് പലിശ കുറയ്ക്കാന്‍ നീക്കം:  പലിശ നിരക്ക് 8.6 % ആയി നിജപ്പെടുത്തും

 

ന്യൂഡെല്‍ഹി: തൊഴിലാളി ക്ഷേമനിധിയിലെ നിക്ഷേപത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷം നല്‍കുന്ന പലിശയില്‍ കുറവു വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇപിഎഫ്ഒ യുടെ ഭാഗമായ നാലുകോടി ജീവനക്കാരുടെ പിഎഫ് നിക്ഷേപത്തിന്റെ പലി ശനിരക്ക് 8.6 ശതമാനമായി കുറയ്ക്കുന്നതിനുള്ള ധനകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്ക് തൊഴില്‍മന്ത്രാലയവും സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8.7 ശതമാനമാണ് ധനകാര്യ മന്ത്രാലയം നിര്‍ദേശിച്ച പലിശ നിരക്കെങ്കിലും ഇപിഎഫ്ഒ 8.8 ശതമാനം പലിശ പിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്നു.
മറ്റ് ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുമായി ചേര്‍ന്നുപോകുന്ന തരത്തില്‍ പിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്കും ക്രമീകരിക്കണമെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ ആവശ്യം. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഇതു നടപ്പാക്കുന്നതിനായി ധനകാര്യ മന്ത്രാലയം തൊഴില്‍ മന്ത്രാലയത്തില്‍ നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തു. സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒയുടെ നിര്‍ണയ സമിതിയായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ട്രസ്റ്റീസ് (സിബിടി) പലിശ നിരക്ക് തീരുമാനിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വരുമാനം സംബന്ധിച്ച നിഗമനങ്ങലില്‍ ഇപിഎഫ്ഒ എത്തിച്ചേര്‍ന്നിട്ടില്ല. തങ്ങളുടെ സ്വന്തം വരുമാനം ഉപയോഗിച്ച് തന്നെ പിഎഫ് പലിശ നല്‍കാനാകുന്ന തരത്തിനാണ് സിബിടി പലിശ നിരക്ക് നിശ്ചയിക്കേണ്ടത.് സ്വതന്ത്രമായി പിഎഫ് പലിശ നിരക്ക് നിശ്ചയിക്കുന്നതില്‍ നിന്നും സിബിടിയെ തടയുന്ന സമീപനമാണ് ധനകാര്യ മന്ത്രാലയം സ്വീകരിക്കുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇപിഎഫ്ഒ യ്ക്ക് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 8.95 ശതമാനം പിഎഫ് പലിശ അനുവദിക്കാനാകുമായിരുന്നെങ്കിലും സിബിടി അത് 8.8 ശതമാനത്തില്‍ ഒതുക്കുകയായിരുന്നു. ധനകാര്യ മന്ത്രാലയം അത് പിന്നെയും വെട്ടിക്കുറച്ച് 8.7 ശതമാനമാക്കി. എന്നാല്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സിബിടി തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Comments

comments

Categories: Slider, Top Stories