ടോയ്‌ലറ്റ് നിര്‍മാണം മാത്രം പോര; സ്വച്ഛ് ഭാരതം യാഥാര്‍ത്ഥ്യമാകാന്‍ കാഴ്ച്ചപ്പാടുകളിലും മാറ്റം വേണമെന്ന് സര്‍വേ

ടോയ്‌ലറ്റ് നിര്‍മാണം മാത്രം പോര;  സ്വച്ഛ് ഭാരതം യാഥാര്‍ത്ഥ്യമാകാന്‍ കാഴ്ച്ചപ്പാടുകളിലും മാറ്റം വേണമെന്ന് സര്‍വേ

 

ന്യൂഡെല്‍ഹി: ടോയ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതു കൊണ്ടുമാത്രം സ്വച്ഛ്ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 41 വില്ലെജുകളിലായി നടത്തിയ പഠനത്തില്‍ നിരീക്ഷണം. സാമൂഹ്യ, സാംസ്‌കാരിക, മാനസിക കാരണങ്ങളും പെരുമാറ്റ ശീലങ്ങളുമെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള സമഗ്രമായ ശുചിത്വ പദ്ധതിയിലൂടെ മാത്രമേ 2014 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വച്ഛ് ഭാരത് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാകൂവെന്ന് സര്‍വേ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിനായി ആത്മീയ നേതാക്കള്‍ ഉള്‍പ്പടെയുള്ള സ്വാധീന ശക്തിയുള്ളവരെ ഉള്‍പ്പെടുത്തി പ്രചാരണങ്ങള്‍ സംഘടിപ്പിക്കണമെന്നും നിര്‍ദേശം.

പബ്ലിക് പോളിസി റിസര്‍ച്ച് ഫണ്ട്, ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള രാംബാനു മാര്‍ഗി പ്രബോധിനി എന്നിവയുടെ സഹകരണത്തോടെ ഗ്ലോബല്‍ സാനിറ്റേഷന്‍ ഫണ്ട് സംഘടിപ്പിച്ച പഠനത്തില്‍ ഗ്രാമങ്ങളില്‍ മലമൂത്ര വിസര്‍ജനം തുടരുന്നതിനു പിന്നില്‍ ടോയ്‌ലറ്റുകളുടെ അപര്യാപ്തതയ്ക്ക് അപ്പുറം പല കാരണങ്ങളുമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനം ഇന്നും ഇന്ത്യയില്‍ വ്യാപകമാണ്. പല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിനും പ്രധാന കാരണമായി കണ്ടെത്തുന്നത് ഇതാണ്. ഇന്ത്യയില്‍ ടോയ്‌ലറ്റ് സൗകര്യം പ്രാപ്തരായ ആളുകളേക്കാള്‍ കൂടുതല്‍ മൊബീല്‍ ഫോണ്‍ സൗകര്യമുള്ളവരുണ്ടെന്ന് നേരത്തേ ഐക്യരാഷ്ട്ര സഭ നടത്തിയ ഒരു പഠനത്തില്‍ വിലയിരുത്തിയിരുന്നു.

ഇന്ത്യയില്‍ 792 മില്യണ്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ശുചിത്വ സൗകര്യങ്ങളില്ലെന്നാണ് 2011ലെ സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ ഇന്ത്യയിലെ 69.3 ശതമാനം പേര്‍ക്കും ടോയ്‌ലറ്റ് സൗകര്യമില്ല. സ്‌കൂളുകളില്‍ 56 ശതമാനത്തിനു മാത്രമേ ഉപയോഗ യോഗ്യമായ ടോയ്‌ലറ്റുകളുള്ളൂവെന്നും സെന്‍സസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ജിഡിപിയില്‍ മൊത്തം 6.4 ശതമാനത്തിന്റെ നഷ്ടമാണ് വാര്‍ഷികാടിസ്ഥാനത്തില്‍ മോശം ശുചിത്വ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത്.

2019നകം ഇന്ത്യയെ പൊതുസ്ഥലത്തെ വിസര്‍ജനത്തില്‍ നിന്നു മുക്തമാക്കുന്നത് ലക്ഷ്യമിട്ട ഒരുലക്ഷത്തി 34,000 കോടി രൂപയിലേറെയും ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ചെലവിട്ടിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പെരുമാറ്റ ശീലങ്ങളിലും, മാനസിക ആകുലതകളിലും വരുത്തേണ്ട മാറ്റം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതികള്‍ കൂടുതലായി നടപ്പാക്കേണ്ടതുണ്ടെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ടോയ്‌ലറ്റുകള്‍ നിര്‍മിക്കപ്പെട്ട വീടുകളില്‍ പോലും പലരും മലമൂത്ര വിസര്‍ജനത്തിനായി തുറസായ സ്ഥലം തെരഞ്ഞെടുക്കുന്നുവെന്നും സര്‍വേ വ്യക്തമാക്കുന്നു.

Comments

comments

Categories: Politics

Related Articles