ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ കിരീടം

ആഞ്ചലിക് കെര്‍ബറിന് യുഎസ് ഓപ്പണ്‍ കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ സ്വന്തമാക്കി. ഫൈനലില്‍ പത്താം സീഡായ ചെക് റിപ്പബ്ലിക് താരം കരോലിന പ്ലിസ്‌ക്കോവയെ പരാജയപ്പെടുത്തിയാണ് കെര്‍ബര്‍ കിരീടം നേടിയത്. 6-3, 4-6, 6-4 സ്‌കോറുകള്‍ക്കായിരുന്നു കെര്‍ബറിന്റെ ജയം.

മത്സരത്തിന്റെ ആദ്യ സെറ്റും അവസാന സെറ്റും സ്വന്തമാക്കിയായിരുന്നു ജര്‍മന്‍ താരത്തിന്റെ കിരീട നേട്ടം. ആദ്യ സെറ്റ് അനായാസമായി കെര്‍ബര്‍ വരുതിയിലാക്കിയെങ്കിലും രണ്ടാം സെറ്റ് നേടി പ്ലിസ്‌ക്കോവ തിരിച്ചടിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ കെര്‍ബര്‍ വീണ്ടും മികവ് പുലര്‍ത്തിയതോടെ ചെക് താരത്തിന് കിരീടം നഷ്ടമാവുകയായിരുന്നു.
കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയിയായത് പ്ലിസ്‌ക്കോവയായിരുന്നു. അതിന് ചെക് താരത്തോടുള്ള മധുര പ്രതികാരം കൂടിയായി യുഎസ് ഓപ്പണിലെ കെര്‍ബറിന്റെ വിജയം. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയ കെര്‍ബറിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.
കെര്‍ബര്‍ എട്ട് തവണ യുഎസ് ഓപ്പണില്‍ പങ്കെടുത്തിരുന്നെങ്കിലും 2011ലെ സെമി ഫൈനല്‍ പ്രവേശനമായിരുന്നു ഇതിന് മുമ്പത്തെ മികച്ച പ്രകടനം. സെമി ഫൈനല്‍ മത്സരം വരെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന വില്യംസിനെ പരാജയപ്പെടുത്തിയായിരുന്നു ചക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ ഫൈനലില്‍ പ്രവേശിച്ചത്.
യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയതോടെയാണ് അതുവരെ മുന്നിലായിരുന്ന അമേരിക്കയുടെ സെറീന വില്യംസിനെ മറികടന്ന് ആഞ്ചലിക് കെര്‍ബര്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 1996ല്‍ സ്റ്റെഫി ഗ്രാഫ് ഒന്നാം റാങ്കിലെത്തിയതിന് ശേഷം ആദ്യമായാണ് മറ്റൊരു ജര്‍മന്‍ ടെന്നീസ് താരം ഈ നേട്ടം കൈവരിക്കുന്നത്.

Comments

comments

Categories: Slider, Sports