വൈദിക ഭാരതത്തിന്റെ ശംഖൊലി…

വൈദിക ഭാരതത്തിന്റെ ശംഖൊലി…

ലോകത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തിയതായിരുന്നു സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം. ആദ്യമായി വേദിയില്‍ കയറുന്ന ഒരു സന്യാസി ഏഴായിരത്തിലധികം വരുന്ന ശ്രോതാക്കളെ ആവേശഭരിതരാക്കിയപ്പോള്‍ വൈദിക ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ക്ക് ആഗോളഭാവം കൈവരുകയായിരുന്നു

1893 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയില്‍ വെച്ചു നടന്ന ലോകമത മഹാസമ്മേളനത്തില്‍ ഉയര്‍ന്നത് ഭാരത സിംഹത്തിന്റെ ഗര്‍ജ്ജനമായിരുന്നു. സാഹോദര്യവും ഭാരതമെന്ന അഭിമാനവും തുളുമ്പി നിന്ന സ്വാമി വിവേകാനന്ദന്റെ ലോകത്തെ കോരിത്തരിപ്പിച്ച പ്രസംഗത്തിന് നാളെ 123 വയസ് തികയും.

ആധുനിക ഭാരതത്തിന്റെ ശബ്ദം ആദ്യമായി ലോകം കേട്ടത് വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിലൂടെയായിരുന്നു.

ആദ്യമായിട്ടായിരുന്നു സ്വാമിജി ഒരു സദസിനെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ പ്രസംഗത്തിന് മുമ്പ് അദ്ദേഹത്തില്‍ ഒരു അസ്വസ്ഥത നിഴലിച്ചിരുന്നതായി പല ചരിത്രകാരന്‍മാരും രേഖപ്പെടുത്തിയിട്ടുണ്ട്. സരസ്വതി ദേവിയെ വണങ്ങിത്തുടങ്ങിയ ആ പ്രസംഗം എന്നാല്‍ ഒരു തുടക്കക്കാരന്റേതാണെന്ന് ലവശേലം തോന്നിയില്ല.

ലോകത്തെ ഏറ്റവും മഹത്തായ പ്രസംഗങ്ങളില്‍ ഒന്നായി അത് മാറുകയും ചെയ്തു. സ്വാമിജി അപ്പോഴുണ്ടായ അനുഭവം ഒരിക്കല്‍ കുറിച്ചിരുന്നു-പെട്ടെന്ന് അസ്വസ്ഥത തോന്നി ആദ്യം. പക്ഷേ, ഭാരതത്തിന്റെ ആത്മാവ് എന്റെയുള്ളില്‍ കയറി. ഇവിടത്തെ ഋഷിമാരുടെ ലോകമന്ത്രങ്ങള്‍ എന്റെ കാതുകളില്‍ മുഴങ്ങി, രാമകൃഷ്ണന്റെ ശബ്ദം എന്നെ ഉണര്‍ത്തി ഉത്തേജനം നല്‍കി.

തുടര്‍ന്ന് അമ്മയെ വണങ്ങി സ്വാമിജി പ്രസംഗം ആരംഭിച്ചു. അമേരിക്കയിലെ എന്റെ സഹോദരി, സഹോദരന്‍മാരെ എന്ന് പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്…ആ മൂന്ന് വാക്കുകള്‍ കേട്ട് ഏഴായിരത്തിലധികം വരുന്ന ശ്രോതാക്കള്‍ എണീറ്റുനിന്ന് കൈയടിച്ചു. രണ്ട് മിനുറ്റോളം നീണ്ടുനിന്നു അത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍ എന്നു മാത്രം കേട്ട് ശീലിച്ച അവര്‍ക്ക് സാഹോദര്യത്തിന്റെ പുതിയ അനുഭവം പകര്‍ന്നു നല്‍കുന്നതായി കിഴക്കിന്റെ പുത്രന്‍ ഉച്ചരിച്ച ആ വാക്കുകള്‍.

ആരംഭ പ്രസംഗം നീണ്ടുനിന്നത് കേവലം രണ്ട് മിനുറ്റ് മാത്രമാണ്. ഏഴായിരത്തിലധികം വരുന്ന ശ്രോതാക്കള്‍ പ്രസംഗം കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. പിന്നീടങ്ങോട്ട് സ്വാമിജിയുടെ പ്രസംഗത്തിലുടനീളം നിഴലിച്ചത് വൈദിക ഭാരതത്തിന്റെ യശസോതുന്ന മാനവികതയുടെ സന്ദേശമായിരുന്നു. വേദങ്ങളിലധിഷ്ഠിതമായ സാര്‍വലൗകികതയുടെ മഹത്തായ ദര്‍ശനങ്ങള്‍ അദ്ദേഹം അമേരിക്കന്‍ ജനതയ്ക്ക് പകര്‍ന്നുനല്‍കി.

ചിക്കാഗോ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍

അമേരിക്കയിലെ സോദരിമാരേ സോദരന്‍മാരേ,

നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വ്വവും ഹൃദയംഗവുമായ സ്വാഗതത്തിന് മറുപടി പറയാന്‍ എഴുന്നേല്‍ക്കവെ എന്റെ ഹൃദയം അവിഭാജ്യമായ ആനന്ദം കൊണ്ടുനിറയുന്നു. ലോകത്തിലെ അതിപ്രാചീന സന്യാസി പരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. സര്‍വ്വ വര്‍ഗ്ഗവിഭാഗങ്ങളിലുംപെട്ട കോടികോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു.

സഹിഷ്ണുതയെന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂരജനതകളില്‍നിന്നു വന്ന ഈ ആളുകള്‍ക്ക് അവകാശപ്പെടാമെന്നു പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ച് നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ; ഈ മണ്ഡപത്തിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വ്വലൗകിക സ്വീകാര്യവും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഞങ്ങള്‍ സാര്‍വ്വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല, സര്‍വ്വമതങ്ങളും സത്യമെന്നു സ്വീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വ്വ മതങ്ങളിലെയും സര്‍വ്വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും അശരണര്‍ക്കും അഭയമരുളിയവരാണ് എന്റെ ജനതയെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാംവെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ടമായ ഒരത്ഭുത തത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. ‘ആര് ഏത് രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു; എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ

റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തുതരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്ന് അഭയംപ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്. മഹിമയുറ്റ ജരദുഷ്ട്രജനതയ്ക്ക് അഭയംനല്‍കിയതും അവരുടെ അമൂല്യശേഷിപ്പിനെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തിലുള്‍പ്പെട്ടവനെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.

അല്ലയോ സോദരരെ, എത്രയും ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മ്മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതുമായ ഒരു സ്‌തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. ‘പലേടങ്ങളിലായുറവെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ; അതുപോലെയല്ലയോ പരമേശ്വര, രുചിവൈചിത്ര്യംകൊണ്ട് മനുഷ്യര്‍ കൈക്കൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്.’

ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാംവെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ടമായ ഒരത്ഭുത തത്വത്തിന്റെ നീതീകരണവും പ്രഖ്യാപനവുമാണ്. ‘ആര് ഏത് രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു; എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ.

 

Comments

comments

Categories: FK Special, Politics, Slider