കോളേജ് അധ്യാപകര്‍ക്ക് ശമ്പളം മികവിന്റെ അടിസ്ഥാനത്തിലാക്കുന്നത് പരിഗണനയില്‍

കോളേജ് അധ്യാപകര്‍ക്ക് ശമ്പളം മികവിന്റെ അടിസ്ഥാനത്തിലാക്കുന്നത് പരിഗണനയില്‍

ന്യൂഡെല്‍ഹി: കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി യുജിസി കമ്മിഷനെ നിയോഗിച്ചു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും കമ്മിഷന്‍ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് യുജിസി കോളെജ് പ്രിന്‍സിപ്പിള്‍മാരുടെയും സര്‍വകലാശാലാ വകുപ്പ് മേധാവികളോടും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

വ്യവസായ മേഖലയുമായി കോളെജ് വിദ്യാഭ്യാസത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിനും നിലവിലെ വ്യവസായ സമൂഹത്തിന് ആവശ്യമായ ശേഷികള്‍ നേടിയെടുക്കുന്നതിന് വിദ്യാര്‍ത്ഥികളെ എങ്ങനെ പ്രാപ്തരാക്കാം എന്നതു സംബന്ധിച്ചും യുജിസി അഭിപ്രായം തേടിയിട്ടുണ്ട്. ഈ മാസം 25നകമാണ് ചോദ്യാവലിയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ വിവിധ സ്ഥാപനമേധാവികള്‍ യുജിസിക്ക് സമര്‍പ്പിക്കേണ്ടത്.

അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് സീനിയോറിറ്റിക്കൊപ്പം പ്രവര്‍ത്തനമികവു കൂടി കണക്കിലെടുക്കണമെന്ന് മുന്‍ യുജിസി കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് എത്തണമെങ്കില്‍ അധ്യാപകര്‍ നിശ്ചിത ഗ്രേസ് പോയിന്റുകള്‍ കൂടി സ്വന്തമാക്കേണ്ടതുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ശമ്പള ഘടനയ്ക്കും അധ്യാപകരുടെ മെറിറ്റ്, പ്രവര്‍ത്തനം, നേട്ടം എന്നിവ പരിഗണിക്കുന്ന കാര്യം ഇപ്പോള്‍ കമ്മിഷന്‍ പരിശോധിക്കുന്നത്.

നിലവില്‍ അധ്യാപകര്‍ക്ക് ഒരു സര്‍വകലാശാലയില്‍ നിന്നോ കോളെജില്‍ നിന്നോ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറുന്നതിന് ഒട്ടേറേ പ്രതിബന്ധങ്ങളുണ്ട്. ഇത് ലഘൂകരിച്ച് അധ്യാപകര്‍ക്ക് താല്‍ക്കാലികമായോ സ്ഥിരമായോ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കുന്നതിനെ കുറിച്ചും യുജിസി കമ്മിഷന്‍ വിലയിരുത്തും. അധ്യാപകര്‍ക്ക് ഇപ്പോഴുള്ള സ്ഥിര നിയമന രീതിക്കു പുറമേ വിദേശ രാജ്യങ്ങളിലെ പോലെ നിശ്ചിത കാലത്തേക്ക് എന്‍ട്രി ലെവല്‍ നിയമനം നല്‍കുന്ന കാര്യവും കമ്മിഷന്റെ പരിഗണനയിലുണ്ട്.
വനിതാ അധ്യാപകര്‍ക്ക് പ്രസവാവധി വര്‍ധിപ്പിക്കുന്നതും ജോലി സമയം സൗകര്യപ്രദമായി ക്രമീകരിക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ യുജിസി അഭിപ്രായമാരായുന്നതിനായി തയാറാക്കിയിട്ടുള്ള ചോദ്യാവലിയിലുണ്ട്. അധ്യാപകരുടെ വിരമിക്കല്‍ പ്രായത്തെക്കുറിച്ചും വിരമിച്ച അധ്യാപകരുടെ മികവുകള്‍ എങ്ങനെ പരിഗണിക്കണമെന്നതിനെ കുറിച്ചും യുജിസി പരിശോധിക്കുന്നു.

Comments

comments

Categories: Slider, Top Stories