രഘുറാം രാജന്‍ കൈക്കൊണ്ടത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന നടപടികള്‍

രഘുറാം രാജന്‍ കൈക്കൊണ്ടത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന നടപടികള്‍

മുംബൈ: ബാങ്കിംഗ് രംഗത്ത് സവിശേഷമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നതുമാത്രമായിരുന്നില്ല റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് രഘുറാം രാജന്റെ പ്രസക്തി,. സാധാരണക്കാരനായ ബാങ്ക് ഉപയോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിലും രഘുറാം രാജന്‍ ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ സ്മരണീയമാണ്.

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ഇപ്പോഴും ക്യാഷ് ഇക്കോണമിക്കാണ് (സാമ്പത്തിക ഇടപാടുകള്‍ക്ക് ഡയറക്ട് ഡെബിറ്റ്, ബാങ്ക് ട്രാന്‍സ്ഫര്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയ്ക്ക് പകരം പണം ഉപയോഗിക്കുന്ന) പ്രാമുഖ്യമെന്നതിനാല്‍ കീറിപ്പറിഞ്ഞ കറന്‍സി എപ്പോഴും പ്രധാന വെല്ലുവിളിയാണ്. എന്നാല്‍ രഘുറാം രാജന്റെ കാലത്ത് ആര്‍ബിഐ ഇതിന് പരിഹാരം കണ്ടെത്തിയിരുന്നു. ഒരു വ്യക്തിക്ക് ഒരു ദിവസം ഏത് ബാങ്ക് ശാഖയിലുംപോയി കേടായ ഇരുപത് നോട്ടുകള്‍ കൊടുത്ത് പരമാവധി അയ്യായിരം രൂപ മാറിക്കിട്ടുന്നതിന് സൗകര്യമൊരുക്കാന്‍ കേന്ദ്ര ബാങ്കിന് കഴിഞ്ഞു. ഇതിന് മറ്റ് പ്രത്യേക ചെലവുകളൊന്നും സാധാരണക്കാരന്‍ നേരിടുന്നുമില്ല.

ബാങ്ക് ഇടപാടുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ തികച്ചും സൗജന്യമായി ക്രെഡിറ്റ് റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനും രഘുറാം രാജന്റെ കാലയളവില്‍ ആര്‍ബിഐ നടപടിയെടുത്തു. ക്രെഡിറ്റ് ഇന്‍ഫോര്‍മേഷന്‍ കമ്പനികളോട് ബാങ്ക് ഉപയോക്താക്കള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ മുഴുവന്‍ ക്രെഡിറ്റ് റിപ്പോര്‍ട്ടും ലഭ്യമാക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്ന ബാങ്ക് ഇടപാടുകാര്‍ മുഴുവന്‍ നഷ്ടവും സഹിക്കേണ്ടതില്ല എന്ന തീരുമാനം രഘുറാം രാജന്റെ ജനകീയതയ്ക്ക് ആക്കം കൂട്ടി. ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിക്കുന്നതോടൊപ്പം ഇലക്ട്രോണിക് തട്ടിപ്പുകളും വ്യാപകമായ കാലത്ത് ഇലക്ടോണിക് ഇടപാടുകള്‍ നടത്തുന്ന ഇടപാടുകാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നടപടികളാണ് ആര്‍ബിഐ കൈക്കൊണ്ടത്. തട്ടിപ്പ് നടന്ന് മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ബാങ്കിനെ അറിയിച്ചാല്‍ ഉപയോക്താവ് ഒരു നഷ്ടവും സഹിക്കേണ്ടതില്ല. മൂന്ന് മുതല്‍ ഏഴ് പ്രവൃത്തിദിവസങ്ങള്‍ക്കുള്ളിലാണ് ബാങ്കിനെ അറിയിക്കുന്നതെങ്കില്‍ ബാങ്കിന്റെ ഉത്തരവാദിത്തം അയ്യായിരം രൂപയായി നിജപ്പെടുത്തി.

തങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കിലും ഇപ്പോള്‍ ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ക്ക് ഉപയോക്താക്കളില്‍നിന്ന് പ്രത്യേകം ചാര്‍ജ് ഈടാക്കാന്‍ കഴിയില്ല. മിനിമം ബാലന്‍സില്‍നിന്ന് താഴെപ്പോയാല്‍ ബാങ്കുകള്‍ ഇക്കാര്യം അക്കൗണ്ട് ഉടമയെ അറിയിക്കുകയും ഒരു മാസത്തെ സാവകാശം നല്‍കുകയും വേണം. മിനിമം ബാലന്‍സ് പാലിക്കാത്തതിന്റെ പേരില്‍ ചാര്‍ജ് ഈടാക്കുന്നതിലൂടെ സേവിംഗ്‌സ് അക്കൗണ്ട് നെഗറ്റീവ് ആക്കാനും പാടില്ല. ഇങ്ങിനെ ഈടാക്കുന്ന ചാര്‍ജുകള്‍, കുറവ് എത്രയാണോ അതിന് ആനുപാതികമായിരിക്കണം.

കാര്‍ഡുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിന് എല്ലാ ബാങ്കുകളും ചിപ്, പിന്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാര്‍ഡുകളുടെ കാര്യത്തില്‍ ആര്‍ബിഐ സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചെങ്കിലും രണ്ടായിരം രൂപയ്ക്ക് താഴെ പര്‍ച്ചേസ് ചെയ്യുന്ന സന്ദര്‍ഭങ്ങളിലെ ടു-ഫാക്റ്റര്‍ ഓതെന്റിക്കേഷന്‍ ആര്‍ബിഐ വേണ്ടെന്നുവെച്ചു. ഇത് എന്‍എഫ്‌സി എനേബിള്‍ഡ് ടാപ് ആന്‍ഡ് പേ കാര്‍ഡുകളിലും കാര്‍ഡുകള്‍ സ്വീകരിക്കുന്ന ഉപകരണങ്ങളിലും വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിന് ബാങ്കുകളെ സഹായിക്കുന്നതാണ്.

Comments

comments

Categories: Banking