പുതിയ ഓഡി എ4 എത്തി: വില 38.1 ലക്ഷം രൂപ

പുതിയ ഓഡി എ4 എത്തി: വില 38.1 ലക്ഷം രൂപ

 

ന്യൂഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ അഞ്ചാം തലമുറ എ4 ഇന്ത്യന്‍ വിപണിയിലെത്തി. ഇതിന് മുമ്പ് വിപണിയിലുണ്ടായിരുന്ന എ4ല്‍ നിന്നും രൂപത്തിലും ഭാവത്തിലും പുതിയ മാറ്റവുമായാണ് പുതിയ എ4 കമ്പനി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ സൗന്ദര്യാത്മക ഡിസൈന്‍ നല്‍കി വില്‍പ്പനയില്‍ നേട്ടമുണ്ടാക്കി കമ്പനിക്ക് ഇന്ത്യയിലുള്ള സല്‍പ്പേര് വര്‍ധിപ്പിക്കാനാണ് ഔഡി ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് എ4 ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഡീസല്‍ പതിപ്പ് ഉടനെത്തുമെന്നറിയിച്ചിട്ടുണ്ട്. പെട്രോള്‍ പതിപ്പിന് 38.1 ലക്ഷം രൂപ മുതല്‍ 41 ലക്ഷം രൂപവരെയാണ് ഡെല്‍ഹി എക്‌സ്‌ഷോറൂം വില.
2008ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയ എ4 പിന്നീട് നിരവധി മുഖം മിനുക്കലുകള്‍ വഴിവെച്ചു. വിപണിയില്‍ ആവശ്യക്കാരേറിയതോടെയാണ് കമ്പനി ഇന്ത്യന്‍ വിപണിക്കായി പുതിയ രൂപകല്‍പ്പനയില്‍ എ4 എത്തിച്ചിരിക്കുന്നത്. 1.4 ലിറ്റര്‍ ടിഎഫ്എസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പുതിയ എ4ല്‍ ഔഡി ഉപയോഗിച്ചിരിക്കുന്നത്. എംഎല്‍ബി ഇവോ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന എ4 ഡ്രൈവിംഗിന് പുതിയ ഭാഷ്യം നല്‍കും. പുതിയ പ്ലാറ്റ്‌ഫോം ആയതിനാല്‍ തന്നെ 120 കിലോഗ്രാമോളം കനം കുറഞ്ഞിട്ടുണ്ട് പുതിയ ഔഡി 4ന്.
ഹെക്‌സഗണല്‍ ഗ്രില്‍, എല്‍ ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ടെയ്ല്‍ലാംപ്, ഹെഡ്‌സ് അപ് ഡിസ്‌പ്ലെ, വിര്‍ച്വല്‍ കോക്പിറ്റി ഡിസ്‌പ്ലെ, ഏഴ് ഇഞ്ച് ഡിസ്‌പ്ലെയുള്ള ഔഡി എംഎംഐ സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലെ, ആന്‍ഡ്രോയ്ഡ് ഓട്ടോ സപ്പോര്‍ട്ട്, 775 വാട്ട് ശേഷിയുള്ള 19 സ്പീക്കറുള്ള 3ഡി ഓഡിയോ സിസ്റ്റം, പാര്‍ക്കിംഗ് എയ്ഡ് പ്ലസ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, മൂന്ന് രീതിയില്‍ ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് തുടങ്ങിയ പ്രത്യേകതകള്‍ പുതിയ എ4നുണ്ട്.
പുതിയ 1.4 ലിറ്റര്‍ ടിഎഫ്എസ്‌ഐ എന്‍ജിന്‍ 147 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും നല്‍കും. സ്റ്റാര്‍ഡേര്‍ഡ് വെര്‍ഷനില്‍ ഏഴ് സ്പീഡ് എസ്‌ട്രോണിക്‌സ് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയിട്ടുള്ളത്.

Comments

comments

Categories: Auto