ട്രെയ്‌നുകളില്‍ റേഡിയോ പാടും;പരസ്യ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം

ട്രെയ്‌നുകളില്‍  റേഡിയോ പാടും;പരസ്യ  വരുമാനം വര്‍ധിപ്പിക്കുക  ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രയ്‌നുകളില്‍ റേഡിയോയിലൂടെ വിനോദപരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് റെയ്ല്‍വെ മന്ത്രാലയം പദ്ധതി തയാറാക്കുന്നു. ഇതിലൂടെ റെയ്ല്‍വെയുടെ പരസ്യ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ട്രെയ്‌നില്‍ സ്ഥാപിക്കുന്ന റേഡിയോയിലൂടെ ടിക്കറ്റ് ഇതര വരുമാനമായി (എന്‍എഫ്ആര്‍) ഒരു വര്‍ഷം 100 കോടി രൂപയാണ് റെയ്ല്‍വെ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷം പരസ്യത്തിലൂടെ 263 കോടി രൂപയുടെ വരുമാനം റെയ്ല്‍വെ നേടിയിരുന്നു. റേഡിയോ പ്രക്ഷേപണ പദ്ധതിക്കാവശ്യമായ സ്പീക്കറുകളും ആംപ്ലിഫയറുകളും സ്ഥാപിക്കുന്നതിന് ഏകദേശം 40 കോടി രൂപയും പ്രതിവര്‍ഷമുള്ള പ്രവര്‍ത്തന ചെലവ് മൂന്ന് കോടി രൂപയുമാണ് കണക്കാക്കുന്നത്. ഈ രണ്ട് ചെലവുകളും വഹിക്കുന്നത് റെയ്ല്‍വെ ആയിരിക്കില്ല. വരുമാനം പങ്കിടല്‍ മാതൃകയില്‍ പദ്ധതിയുടെ കരാര്‍ പുറത്ത് നല്‍കും. പദ്ധതി നടപ്പായാല്‍ യാത്രക്കാരുടെ ഇഷ്ടാനുസരണം പാട്ടുകള്‍ പ്രക്ഷേപണം ചെയ്യും. സംസ്ഥാനം മാറുന്നതിനനുസരിച്ച് പാട്ടുകളും മാറും. കൂടാതെ, ട്രെയ്ന്‍ വൈകിയോടുന്നതിന്റെ കാരണം എന്നതടക്കമുള്ള പൊതു അറിയിപ്പുകളും ഉണ്ടാകും. ഇടവേളകളില്‍ പരസ്യങ്ങളും പ്രക്ഷേപണം ചെയ്യും. എല്ലായിടത്തും എത്തിച്ചേരുന്നതിനു വേണ്ടി ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള റേഡിയോ സംവിധാനമാണ് മന്ത്രാലയം പരിഗണിക്കുന്നത്. ഇന്റര്‍നെറ്റ് ലഭ്യമാകുന്ന സമയങ്ങളില്‍ ട്രെയ്‌നുകളില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറുകള്‍ ആവശ്യമായ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യും. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ കൂടി ട്രെയ്ന്‍ കടന്നുപോകുമ്പോള്‍ പരിപാടികള്‍ തടസംകൂടാതെ കേള്‍വിക്കാരിലെത്തിക്കുന്നതിന് ഇതു സഹായിക്കും.

Comments

comments

Categories: Branding, Slider