കോര്‍പ്പറേറ്റ് നിക്ഷേപം: ഇന്ത്യന്‍ വിപണി വളരുന്നത് ചൈനയേക്കാള്‍ വേഗത്തില്‍

കോര്‍പ്പറേറ്റ് നിക്ഷേപം:  ഇന്ത്യന്‍ വിപണി വളരുന്നത് ചൈനയേക്കാള്‍ വേഗത്തില്‍

 

ന്യൂഡെല്‍ഹി: ചൈനയേക്കാള്‍ വേഗത്തിലാണ് ഇന്ത്യന്‍ വിപണി വളരുന്നതെന്ന് ഫ്രാങ്ക്‌ലിന്‍ ടെംപിള്‍ടണ്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ കീഴിലുള്ള ടെംപിള്‍ടണ്‍ എമര്‍ജിംഗ് മാര്‍ക്കെറ്റ്‌സ് ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ മാര്‍ക്ക് മൊബിയസ് അഭിപ്രായപ്പെട്ടു. ഇക്ക്‌ണോമിക് ടൈംസിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തിലാണ് മാര്‍ക്ക് മൊബിയസ് ഇക്കാര്യം പരാമര്‍ശിച്ചത്. എന്നാല്‍ വെവിധ്യപൂര്‍ണമായ കമ്പനികളുടെ സാന്നിധ്യമാണ് ഇന്ത്യയേക്കാള്‍ ചൈനയില്‍ നിക്ഷേപം നടത്താന്‍ തനിക്കു പ്രേരണയാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി ഉര്‍ജിത് പട്ടേലിനെ നിയമിച്ചത് മികച്ച തീരുമാനമാണെന്ന് മാര്‍ക്ക് മൊബിയസ് പറഞ്ഞു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ആളായതിനാല്‍ സാമ്പത്തിക നയപരിപാടികള്‍ക്കു തുടര്‍ച്ച ലഭിക്കുമെന്ന് മാര്‍ക് മൊബിയസ് സൂചിപ്പിച്ചു. ഉര്‍ജിത് പട്ടേല്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് കൂടുതല്‍ സ്വീകാര്യനായിരിക്കുമെന്നും മൊബിയസ് നിരീക്ഷിച്ചു. രഘുറാം രാജനെ പോലെ തുറന്നടിച്ചു പ്രതികരിക്കുന്നയാളല്ല ഉര്‍ജിത് പട്ടേല്‍ എന്നതാണിതിനു കാരണം. ചരക്കു സേവനനികുതി (ജിഎസ്ടി) ബില്‍ ഇന്ത്യയിലെ പാര്‍ലമെന്റ് പാസാക്കിയത് നല്ലകാര്യമാണെങ്കിലും ഇതു പ്രാവര്‍ത്തികമാക്കുന്നതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന് മൊബിയസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നത് ഔഷധനിര്‍മാണ മേഖലയിലാണ്. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആഗോളതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ട്. പ്രതിശീര്‍ഷ വരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധന ഇന്ത്യയിലെ ചെലവിടല്‍ ഉയരുന്നതിനു കാരണമാകുമെന്നതിനാല്‍ കണ്‍സ്യൂമര്‍ കമ്പനികളുടെ കാര്യത്തിലും നിക്ഷേപ താല്‍പ്പര്യങ്ങളുള്ളതായി മൊബിയസ് വ്യക്തമാക്കി.

ഇന്ത്യയില്‍ നിലനില്‍ക്കുന്ന കുറഞ്ഞ പലിശനിരക്ക് വലിയ പ്രശ്‌നമായി കണക്കാക്കേണ്ടതില്ലെന്ന് മൊബിയസ് വിലയിരുത്തി. കേന്ദ്രബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കു നേരിട്ടു പണമെത്തിക്കുന്ന തരത്തിലുള്ള സമ്പ്രദായം ഉടനുണ്ടാകുമെന്നും മൊബിയസ് സൂചിപ്പിച്ചു. ജപ്പാനായിരിക്കും ആദ്യമായി ഇത്തരമൊരു നടപടി പ്രാവര്‍ത്തികമാക്കുന്ന രാജ്യം. യുഎസ് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല

മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് യുഎസില്‍ നടക്കുന്നതെന്നും ഇത്തരമൊരവസ്ഥ അമേരിക്കയ്ക്കും ലോകരാഷ്ട്രങ്ങള്‍ക്കു മുഴുവനും ദോഷകരമായിരിക്കുമെന്നും മൊബിയസ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy